Sunday, April 5, 2026
HomeNewsഹോർമുസ് കടലിടുക്കിലൂടെ ‘അവശ്യസാധനങ്ങൾ’ കൊണ്ടുപോകാൻ രാജ്യങ്ങൾക്ക് അനുമതി നൽകി ഇറാൻ

ഹോർമുസ് കടലിടുക്കിലൂടെ ‘അവശ്യസാധനങ്ങൾ’ കൊണ്ടുപോകാൻ രാജ്യങ്ങൾക്ക് അനുമതി നൽകി ഇറാൻ

ടെഹ്റാൻ : ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ് പ്രഖ്യാപിച്ച് ഇറാൻ. ‘അവശ്യസാധനങ്ങൾ’ വഹിച്ചുകൊണ്ടുള്ള കപ്പലുകൾക്ക് കടലിടുക്കിലൂടെ സഞ്ചരിക്കാൻ അനുമതി നൽകുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. യുദ്ധസാഹചര്യത്തിൽ പാത അടഞ്ഞുകിടക്കുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ നീക്കം.

ഇറാൻ പോർട്ട്‌സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ മേധാവിക്ക് അയച്ച ഔദ്യോഗിക രേഖയിലാണ് വാണിജ്യ വികസന വിഭാഗം ഡെപ്യൂട്ടി ഹൂമൻ ഫാത്തി ഈ അനുമതി നൽകിയത്. അടിസ്ഥാന ഉപഭോഗ വസ്തുക്കൾ, കന്നുകാലികൾക്കുള്ള തീറ്റ എന്നിവയുൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾക്ക് ഇതിലൂടെ കടന്നുപോകാം. ഇറാന്റെ തുറമുഖങ്ങളിലേക്ക് വരുന്ന കപ്പലുകൾക്കും നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കപ്പലുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും.

കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ബോഡികൾക്ക് ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. പാതയിലൂടെ സഞ്ചരിക്കാൻ തയ്യാറെടുക്കുന്ന കപ്പലുകളുടെ പട്ടിക ഏകോപനത്തിനായി ഉടൻ കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, ഏതൊക്കെ സാധനങ്ങളെയാണ് ഇറാൻ ‘അവശ്യസാധനങ്ങൾ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ ഇപ്പോഴും പൂർണ്ണമായ വ്യക്തത വന്നിട്ടില്ല.

അതേസമയം, അമേരിക്ക ഉൾപ്പെടെയുള്ള ‘ശത്രുരാജ്യങ്ങളുടെ’ കപ്പലുകൾക്ക് മേലുള്ള ഉപരോധം ഇറാൻ തുടരുമോ എന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്. ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഈ ഇളവ് സംഘർഷം ലഘൂകരിക്കാൻ സഹായിക്കുമോ അതോ ഇത് കേവലം തന്ത്രപരമായ നീക്കമാണോ എന്ന് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നു. ഏപ്രിൽ 6-നകം കടലിടുക്ക് പൂർണ്ണമായും തുറന്നില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments