ടെഹ്റാൻ : ഇറാനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം തുടർന്നാൽ അമേരിക്കയും ഇസ്രായേലും വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ സൈനിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. യുദ്ധം പടർന്നാൽ “നരകതുല്യമായ” ശിക്ഷയാകും കാത്തിരിക്കുന്നതെന്നും ഇറാൻ വ്യക്തമാക്കി.
തിങ്കളാഴ്ചയ്ക്കകം ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ധാരണയായില്ലെങ്കിൽ ഇറാനുനേരെ നരകം അഴിച്ചുവിടുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാൻ്റെ പ്രതികരണം.ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം തുടർന്നാൽ നിങ്ങൾക്ക് മുന്നിൽ “നരകവാതിലുകൾ തുറക്കപ്പെടും” എന്ന് ഇറാൻ്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡർ മേജർ ജനറൽ അലി അബ്ദുള്ളാഹി അലിയാബാദി മുന്നറിയിപ്പ് നൽകി.
സംഘർഷം വ്യാപിച്ചാൽ ഈ പ്രദേശം മുഴുവൻ ശത്രുക്കൾക്ക് നരകമായി മാറുമെന്ന് സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ഇബ്രാഹിം സോൾഫഗാരി പറഞ്ഞു. ഇറാനെ പരാജയപ്പെടുത്താമെന്ന മോഹം ശത്രുക്കളെ വിഴുങ്ങുന്ന ചതുപ്പായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാൻ്റെ സായുധ സേനയുടെ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ്. ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസ് ആണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് കടുക്കുകയാണ്.

