വാഷിങ്ടണ്‍: ഇറാന്റെ എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്പനികള്‍ക്കും കപ്പലുകള്‍ക്കും പുതിയ ഉപരോധങ്ങള്‍ ചുമത്തി യു.എസ്. ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു.എസിന്റെ നടപടി.
ഇറാനില്‍ നിന്നുള്ള എണ്ണ, ഇറാന്റെ പെട്രോകെമിക്കല്‍ വ്യവസായമേഖല തുടങ്ങിയവയ്ക്ക് മേലാണ് യു.എസിൻ്റെ പുതിയ വിലക്കുകള്‍. ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്കും പ്രദേശിക സേനകള്‍ക്കുമുള്ള സാമ്പത്തികസഹായം കുറയ്ക്കുക എന്ന ഉദ്ദേശ്യമാണ് യുഎസിന് പ്രധാനമായും ഉള്ളത്.
ഇതിനിടെ, ഇസ്രയേലിനെ സഹായിച്ചാൽ ശക്തമായ തിരിച്ചടി നല്‍കുമെന്ന് അറബ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രായേലിനെ സഹായിക്കാന്‍ അവരുടെ പ്രദേശങ്ങളോ വ്യോമാതിര്‍ത്തിയോ വിട്ടുകൊടുത്താൽ ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു.എസ് സഖ്യകക്ഷികളായ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായി ദ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ.) ജോര്‍ദാന്‍, ഖത്തര്‍ തുടങ്ങി യു.എസ്. സേനയ്ക്ക് ആതിഥ്യം നല്‍കുന്ന രാജ്യങ്ങള്‍ക്കാണ് പ്രധാനമായും ഇറാന്റെ മുന്നറിയിപ്പ് – റിപ്പോർട്ട് പറയുന്നു.
ഇറാന്റെ ആണവ, ഇന്ധന അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേലിന് സഹായം നല്‍കുന്ന, അറബ് രാഷ്ട്രങ്ങള്‍ക്കെതിരെ താക്കീതുമായി ഇറാന്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സൈനികശേഷിയോ വ്യോമാതിര്‍ത്തിയോ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഉപയോഗപ്പെടുത്തി തങ്ങളെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നാവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ ബൈഡന്‍ ഭരണകൂടവുമായി ആശയവിനിമയം നടത്തിയതായും ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസിന്റെ സംരക്ഷണത്തിലാണെന്ന് പൊതുവേ കരുതപ്പെടുന്നതിനാൽ തങ്ങളെ ഇറാൻ ആക്രമിക്കുമോയെന്ന് അറബ് രാജ്യങ്ങള്‍ ഭയപ്പെടുന്നതായാണ് വിലയിരുത്തല്‍.പുതിയ ഉപരോധ നീക്കത്തോടെ പശ്മിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാവാനാണ് സാധ്യത.