Thursday, March 26, 2026
HomeAmericaഅമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടി വെച്ചിട്ടെന്ന് അവകാശവാദവുമായി ഇറാൻ; പ്രതികരിക്കാതെ അമേരിക്ക

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടി വെച്ചിട്ടെന്ന് അവകാശവാദവുമായി ഇറാൻ; പ്രതികരിക്കാതെ അമേരിക്ക

ടെഹ്റാൻ : ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക നീക്കങ്ങൾ അതിരൂക്ഷമാകുന്നു. അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം തങ്ങൾ വിജയകരമായി ലക്ഷ്യം വെച്ചതായും വെടിവെച്ചിട്ടതായും ഇറാന്‍റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി പുറത്തുവിട്ടു.

ആകാശത്തുവെച്ച് വിമാനത്തിന് സമീപം സ്ഫോടനമുണ്ടാകുന്നതും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം താഴേക്ക് പതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയതായും റിപ്പോർട്ടുകളുണ്ട്. മുംബൈയിലെ ഇറാനിയൻ കോൺസുലേറ്റും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട

എന്നാൽ ഈ അവകാശവാദത്തോട് അമേരിക്കൻ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി മുതൽ തുടരുന്ന സംഘർഷത്തിനിടെ സമാനമായ നിരവധി അവകാശവാദങ്ങൾ ഇറാൻ ഉന്നയിച്ചിരുന്നെങ്കിലും അവയെല്ലാം യുഎസ് സെൻട്രൽ കമാൻഡ് (സെന്‍റ്കോം) തള്ളുകയായിരുന്നു. മാർച്ച് 5-ന് അമേരിക്കയുടെ എഫ്-15 വിമാനം തകർത്തുവെന്നും മാർച്ച് 19-ന് എഫ്-35 സ്റ്റെൽത്ത് വിമാനം ആക്രമിച്ചുവെന്നും ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ വിമാനങ്ങളൊന്നും ഇറാൻ വെടിവെച്ചിട്ടിട്ടില്ലെന്നും ചില വിമാനങ്ങൾ സാങ്കേതിക തകരാർ മൂലം അടിയന്തരമായി ഇറക്കുകയായിരുന്നു എന്നുമാണ് അമേരിക്കയുടെ നിലപാട്.

അതേസമയം, അയൽരാജ്യങ്ങളുടെ സഹായത്തോടെ ഇറാന്റെ അധീനതയിലുള്ള ഒരു ദ്വീപ് പിടിച്ചെടുക്കാൻ ശത്രുക്കൾ നീക്കം നടത്തുന്നതായി ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് മുന്നറിയിപ്പ് നൽകി. എല്ലാ നീക്കങ്ങളും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഏതെങ്കിലും തരത്തിലുള്ള അധിനിവേശ ശ്രമമുണ്ടായാൽ അതിന് കൂട്ടുനിൽക്കുന്ന രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും ഊർജ്ജ നിലയങ്ങൾക്കും നേരെ അതിശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഭീഷണി മുഴക്കി. ഇറാൻ-അമേരിക്ക സംഘർഷം ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനകളാണ് ഈ പുതിയ സംഭവവികാസങ്ങൾ നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments