Monday, March 16, 2026
HomeNewsഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സഞ്ചാരം: അമേരിക്ക ഒഴികെ മറ്റു രാജ്യങ്ങളുമായി ചർച്ചക്ക് തയ്യാറെന്ന് ...

ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സഞ്ചാരം: അമേരിക്ക ഒഴികെ മറ്റു രാജ്യങ്ങളുമായി ചർച്ചക്ക് തയ്യാറെന്ന് ഇറാൻ

ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് താല്പര്യമുള്ള രാജ്യങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങൾ ഈ വിഷയത്തിൽ ഇറാനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്കിലൂടെ എണ്ണ, വാതക കപ്പലുകൾക്ക് വീണ്ടും പ്രവേശനം അനുവദിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തങ്ങളെ സമീപിച്ച രാജ്യങ്ങളുടെ പേര് പ്രത്യേകം പരാമർശിക്കാൻ മന്ത്രി തയ്യാറായില്ലെങ്കിലും, സുരക്ഷിതമായ ചരക്കുനീക്കം ആഗ്രഹിക്കുന്നവരുമായി സഹകരിക്കാൻ രാജ്യം സന്നദ്ധമാണെന്ന് അദ്ദേഹം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഇറാന്റെ സൈന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒരു കൂട്ടം കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ സൈന്യം ഇതിനോടകം തന്നെ അനുമതി നൽകിയിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

ഇതിന്റെ ഭാഗമായി, ഇന്ത്യയിലേക്കുള്ള രണ്ട് ടാങ്കറുകൾ കഴിഞ്ഞ ശനിയാഴ്ച ഹോർമുസ് കടലിടുക്ക് കടന്നുപോയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ലോകത്തെ മൊത്തം അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയാണിത്. അതേസമയം, നിലവിലെ യുദ്ധസാഹചര്യത്തിൽ അമേരിക്കയുമായി ചർച്ചയ്ക്കോ വെടിനിർത്തലിനോ ഇറാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എത്രകാലം വേണ്ടിവന്നാലും രാജ്യത്തെ സംരക്ഷിക്കാൻ തങ്ങൾ സജ്ജമാണെന്നും അബ്ബാസ് അരാഗ്ചി ആവർത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments