ജറുസലേം: കൊല്ലപ്പെട്ടെന്ന പ്രചരണങ്ങൾക്കിടെ പുതിയ വീഡിയോ പങ്കുവെച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാർച്ച് 13-ന് പുറത്തുവന്ന നെതന്യാഹുവിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹം മരിച്ചോ അതോ ജീവനോടെയുണ്ടോ എന്ന തരത്തിലുള്ള ചർച്ചകൾക്ക് വഴിവെച്ചത്. ആ വീഡിയോയിൽ നെതന്യാഹുവിന്റെ ഒരു കൈയിൽ ആറു വിരലുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ഒരു കഫേയിൽ നിന്ന് കോഫി ഓർഡർ ചെയ്യുകയും അത് കുടിക്കുകയും ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താൻ സുരക്ഷിതനാണെന്നും തന്റെ വിരലുകൾ യഥാർഥമാണെന്നും പരിഹാസരൂപേണ നെതന്യാഹു വ്യക്തമാക്കിയത്. നെതന്യാഹുവിന്റേതായി നേരത്തേ പുറത്തുവന്ന വീഡിയെ എഐ ഉപയോഗിച്ച് നിർമിച്ചിതാണെന്നും അതിൽ അദ്ദേഹത്തിന് ആറ് വിരലുകൾ ഉണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കാൻ പുതിയ വീഡിയോയിൽ അദ്ദേഹം തന്റെ ഇരു കൈകളിലെയും വിരലുകൾ ക്യാമറയ്ക്ക് മുന്നിൽ എണ്ണി കാണിച്ചു.
നെതന്യാഹു കൊല്ലപ്പെട്ടു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ അദ്ദേഹം സുഖമായിരിക്കുന്നു എന്നറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തിയിരുന്നു. നെതന്യാഹു കൊല്ലപ്പെട്ടു എന്ന പ്രചാരണങ്ങൾ വ്യാജവാർത്തയാണെന്നാണെന്നും പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ബെഞ്ചമിൻ നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ തിരഞ്ഞുപിടിച്ച് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) പ്രഖ്യാപിച്ചിട്ടുണ്ട്. നെതന്യാഹുവിനെ ക്രിമിനൽ സയണിസ്റ്റ് പ്രധാനമന്ത്രി എന്നും ഐആർജിസി വിശേഷിപ്പിക്കുകയും ചെയ്തു.

