റിയാദ് : സൗദി അറേബ്യയിലെ ഡിജിറ്റൽ പേയ്‌മെന്‍റ് രംഗത്തേക്ക് ചുവട് വയ്ക്കാൻ സാംസങ്. സൗദി സെൻട്രൽ ബാങ്കുമായി കൈകോർത്താണ് ഓൺലൈൻ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമായ സാംസങ് പേ സേവനം ഏറെ താമസിയാതെ സൗദി വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. ഫിൻടെക് കോൺഫറൻസിനോട് അനുബന്ധിച്ചാണ് ഈ വർഷത്തിന്‍റെ നാലാം പാദത്തിൽ സേവനം ലഭ്യമാകും വിധം സൗദി സെൻട്രൽ ബാങ്ക്(SAMA) സാംസങുമായി ഇത് സംബന്ധിച്ച് കരാർ ഒപ്പു വെച്ചത്.
സൗദി വിഷൻ 2030ന്‍റെ സാമ്പത്തിക വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പുതിയ സേവനം. സാംസങ് വാലറ്റ് ആപ്പ് വഴി ഡിജിറ്റൽ പേയ്‌മെന്‍റ് കാർഡുകൾ സുരക്ഷിതമായി സംരക്ഷിക്കാനും നിയന്ത്രിക്കാനും ഉപഭോക്താക്കളെ സഹായിക്കും.
സൗദി സെൻട്രൽ ബാങ്കിന്‍റെ ദേശീയ പേയ്‌മെന്‍റ് സംവിധാനമായ ‘മാദ’യിലേക്ക് പുതിയ അധ്യായം തുറക്കുകയാണ് ഈ പദ്ധതി. പേപ്പർ കറൻസിയിൽ നിന്ന് മാറി ഡിജിറ്റൽ പേയ്‌മെന്‍റിലേക്ക് സൗദി അറേബ്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മാദ പദ്ധതി നടപ്പിലാക്കുന്നത്.
സാംസങ് പേ സേവനത്തിന്‍റെ വരവ് സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സാമ്പത്തിക സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് ഇത് ഒരു ഉത്തേജനമായിരിക്കും.