ന്യൂ ഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷം കനത്തതോടെ രാജ്യത്തുടനീളം രൂക്ഷമായ വാണിജ്യ എൽ.പി.ജി ക്ഷാമം ഉണ്ടെന്ന റിപ്പോർട്ടുകളിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് ശിവസേന (യു.ബി.ടി) എം.പി പ്രിയങ്ക ചതുർവേദി. മതിയായ കരുതൽ ശേഖരമുണ്ടെന്ന് അറിയിച്ചിട്ടും ഹോട്ടലുകളും നിർമാണ യൂണിറ്റുകളും കടുത്ത ക്ഷാമം നേരിടുകയാണ്. ഇതിന്‍റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം.നിങ്ങളെന്തിനാണ് ജനങ്ങളോട് കള്ളം പറഞ്ഞതെന്നും അവർ കേന്ദ്ര സർക്കാറിനോട് ചോദിച്ചു. എന്തുകൊണ്ടാണ് പ്രതിസന്ധി ഉണ്ടായത്? സർക്കാർ ഇത് വിശദീകരിക്കണം. സർക്കാർ തീരുമാനങ്ങൾ ശരിയായി ആസൂത്രണം ചെയ്തിട്ടില്ലെന്നും പൗരരുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഗണിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം ഒന്നിലധികം നഗരങ്ങളിലെ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും ബാധിക്കുമെന്ന് വ്യവസായ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ മുംബൈയിൽ പകുതിയോളം ഭക്ഷണശാലകൾ താൽക്കാലികമായി അടച്ചുപൂട്ടേണ്ടിവരും.
മുംബൈയിൽ മാത്രമല്ല, രാജ്യത്തുടനീളമുള്ള റെസ്റ്റോറന്റുകളും ഹോട്ടലുകളും പ്രത്യേകിച്ച് ബെംഗളൂരു, തെലങ്കാന, പൂനെ തുടങ്ങിയ നഗരങ്ങളിലും പ്രവർത്തനം നിർത്തിവെക്കാൻ നിർബന്ധിതരാകാം. ഈ വിഷയത്തിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യമാണ്.
പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടരുന്നതിനിടയിൽ, ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിവാതകം അനുവദിക്കുന്നതിനുള്ള മുൻഗണന സർക്കാർ പരിഷ്കരിച്ചു. പുതിയ ക്രമീകരണം പ്രകാരം വീടുകൾക്കുള്ള സി.എൻ.ജി, പൈപ്പ് പാചക വാതകം എന്നിവക്കൊപ്പം എൽ.പി.ജി ഉൽപാദനവും പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. തൽഫലമായി, വിപണി വിലയുള്ള വാണിജ്യ എൽ.പി.ജിയെ ആശ്രയിക്കുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇപ്പോൾ വിതരണക്ഷാമം നേരിടുന്നു.
കഴിഞ്ഞ ഒരാഴ്ചയായി വാണിജ്യ എൽ.പി.ജിയുടെ ക്ഷാമം വളരെ ഗുരുതരമായി മാറിയിരിക്കുന്നു. തിങ്കളാഴ്ച മുതൽ പല പ്രദേശങ്ങളിലും ഇടക്കിടെയുള്ള തടസങ്ങൾ വർധിച്ച് വിതരണം പൂർണ്ണമായും നിലച്ചതായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.

