Sunday, March 1, 2026
HomeNewsആയത്തുള്ള അലി ഖമേനിയെ വധിച്ചു എന്ന് അവകാശപെട്ട് ട്രംപ്: നിഷേധിച്ച് ഇറാൻ

ആയത്തുള്ള അലി ഖമേനിയെ വധിച്ചു എന്ന് അവകാശപെട്ട് ട്രംപ്: നിഷേധിച്ച് ഇറാൻ

വാഷിംഗ്ടൺ : ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇന്ന് നടന്ന വൻ യുഎസ്, ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ ആഴ്ച മുഴുവൻ കനത്ത ബോംബാക്രമണം തുടരുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, തങ്ങളുടെ നേതാക്കൾ “സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന്” ഇറാൻ അവകാശപ്പെട്ടു.

ശനിയാഴ്ച രാത്രി വൈകി തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് (Truth Social) ട്രംപ് ഈ വിവരം പുറത്തുവിട്ടത്. ഖമനയിയുടെ മരണം ഇറാനിലെ ജനങ്ങൾക്കും അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ളവർക്കും ലഭിച്ച “നീതി” ആണെന്ന് ട്രംപ് വിശേഷിപ്പിച്ചു.

ഇറാനിലെ ജനങ്ങൾക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരരായ മനുഷ്യരിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടിരിക്കുന്നു. ഇത് ഇസ്രായേലിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമനയിയും അയാളുടെ രക്തദാഹികളായ ഗുണ്ടകളും ചേർന്ന് കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ്. നമ്മുടെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്നും രക്ഷപ്പെടാൻ അയാൾക്ക് സാധിച്ചില്ല. ഇസ്രായേലുമായി ചേർന്ന് നടത്തിയ നീക്കത്തിൽ അയാളെയോ അയാളോടൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കളെയോ രക്ഷിക്കാൻ ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. ഇറാൻ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്.” – ട്രംപ് കുറിച്ചു.

ടെഹ്‌റാനിലെ ഖമനയിയുടെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമസേനയുടെ 200-ഓളം വിമാനങ്ങൾ ആക്രമണം നടത്തിയത്. ഖമനയിയുടെ വസതി തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.ഖമനയിയെ കൂടാതെ ഇറാൻ്റെ പ്രതിരോധ മന്ത്രി, റെവല്യൂഷണറി ഗാർഡ് കമാൻഡർ എന്നിവരടക്കം നിരവധി മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഖമനയി സുരക്ഷിതനാണെന്നും മരണം സംബന്ധിച്ച വാർത്തകൾ ശത്രുക്കളുടെ “മനഃശാസ്ത്ര യുദ്ധം” ആണെന്നുമാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഖമനയി ഉടൻ തന്നെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്നും ഇറാൻ അറിയിച്ചു.

സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ ഇറാന് മേലുള്ള ബോംബാക്രമണം ഒരാഴ്ചയോളം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.ടെഹ്‌റാൻ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് തങ്ങളുടെ സൈനിക നീക്കത്തിൻ്റെ ലക്ഷ്യമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. ദക്ഷിണ ഇറാനിലെ ഒരു പ്രൈമറി സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് തിരിച്ചടിയായി മിഡിൽ ഈസ്റ്റിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങൾക്കും ഇസ്രായേലിനും മറ്റ് ലക്ഷ്യങ്ങൾക്കും നേരെ ഇറാൻ ആക്രമണം നടത്തി. ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ വിറപ്പിച്ച ഈ നീക്കം വ്യോമയാന മേഖലയെയും എണ്ണ നീക്കത്തെയും ബാധിച്ചു.

അതേസമയം, യുഎസ് സൈനികർക്ക് ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു. മേഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിൽ ലോകനേതാക്കൾ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഈ ആക്രമണങ്ങളെ മിഡിൽ ഈസ്റ്റിലെ ഒരു “ചരിത്ര നിമിഷം” എന്ന് വിശേഷിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments