ന്യൂഡൽഹി : അമേരിക്കയും ഇസ്രയേലും സംയുക്തമായി നടക്കിയ വൻ ആക്രമണങ്ങളെ തുടർന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വാർത്തകളാണ് പുറത്തുവരുന്നത്. “ഇറാൻ പരമോന്നത നേതാവ് രക്തസാക്ഷിത്വം വരിച്ചു” എന്ന് ഞായറാഴ്ച രാവിലെ ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബി (IRIB) റിപ്പോർട്ട് ചെയ്തു.
യുണൈറ്റഡ് സ്റ്റേറ്റ്സും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചതിന് പിന്നാലെയാണ് ഈ സ്ഥിരീകരണം വരുന്നത്.
ഇറാൻ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. 35 വർഷം ഇറാനെ നയിച്ച പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖമേനി. അമേരിക്കയോടും ഇസ്രയേലിനോടും സന്ധിയില്ലാത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്ന നേതാവായിരുന്നു.അതേസമയം, ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപുമായി (IRGC) ബന്ധമുള്ള വാർത്താ ഏജൻസിയായ ‘ഫാർസ്’ (Fars) റിപ്പോർട്ട് ചെയ്തു. ഖമേനിയുടെ ഓഫീസിലെ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഖമേനിയുടെ മരുമക്കളിൽ ഒരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു എന്ന് ഫാർസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖമേനിയുടെ മരുമകന്റെയും മരുമകളുടെയും മരണത്തെക്കുറിച്ച് നേരത്തെ ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് അത് നിഷേധിക്കപ്പെട്ടിരുന്നു.

