ദുബായ് : ദുബായ്, അബുദാബി വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. ഞായറാഴ്ച അർധരാത്രിയോടെയുള്ള ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് ദുബായ് മീഡിയ ഓഫീസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
അപകടത്തെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര സുരക്ഷാ സേനയെ വിന്യസിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്നുണ്ടായ സാഹചര്യത്തിലാണ് അപകടമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യം ലക്ഷ്യമാക്കി വന്ന 137 മിസൈലുകളിൽ 132 എണ്ണവും 209 ഡ്രോണുകളിൽ 195 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തതായി യു.എ.ഇ. വ്യക്തമാക്കി. ശേഷിച്ചവ കടലിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലുമായി പതിച്ചു. ഇവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ ചിതറിവീണിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായ ഭാഷയിൽ അപലപിച്ച യു.എ.ഇ., രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള തിരിച്ചടിക്കും യു.എ.ഇ.ക്ക് അവകാശമുണ്ടെന്നും അറിയിച്ചു.
അതേസമയം സംഭവത്തിൽ ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സംയമനം പാലിക്കണമെന്നും യു.എ.ഇ. സ്ഥാനപതി അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇ.യിലെ വ്യോമപാത താത്കാലികമായി അടച്ചെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഡ്രോണുകൾക്കും വിലക്കുണ്ട്. ഗ്ലൈഡറുകൾക്കും, ആളില്ലാ വിമാനങ്ങൾക്കും ഒരാഴ്ച നിരോധം ഏർപ്പെടുത്തി.

