Friday, February 20, 2026
HomeAmericaഒബാമ പറയുന്നു “അന്യഗ്രഹജീവികൾ യഥാർത്ഥ്യാമാണ്”: ഫയലുകൾ കണ്ടെത്തി പുറത്തുവിടാൻ ആവശ്യപ്പെട്ട് ട്രംപ്

ഒബാമ പറയുന്നു “അന്യഗ്രഹജീവികൾ യഥാർത്ഥ്യാമാണ്”: ഫയലുകൾ കണ്ടെത്തി പുറത്തുവിടാൻ ആവശ്യപ്പെട്ട് ട്രംപ്

വാഷിംഗ്ടൺ : അന്യഗ്രഹജീവികളെയും യുഎഫ്‌ഒകളെയും കുറിച്ചുള്ള സർക്കാർ ഫയലുകൾ കണ്ടെത്തി പുറത്തുവിടാൻ പ്രതിരോധ വകുപ്പ് ഉൾപ്പെടെയുള്ള യുഎസ് ഏജൻസികളോട് നിർദ്ദേശിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.കഴിഞ്ഞ ആഴ്‌ച ഒരു പോഡ്‌കാസ്റ്റിൽ മുൻ പ്രസിഡൻ്റ് ബരാക് ഒബാമ “അന്യഗ്രഹജീവികൾ യഥാർത്ഥമാണ്” എന്ന് പറഞ്ഞതിലൂടെ രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.

“അദ്ദേഹം അത് ചെയ്യാൻ പാടില്ലായിരുന്നു, അതൊരു വലിയ തെറ്റാണ്,” എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. അന്യഗ്രഹജീവികൾ യഥാർത്ഥമാണെന്ന് താങ്കൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, “അവ യഥാർത്ഥമാണോ അല്ലയോ എന്ന് എനിക്കറിയില്ല” എന്നായിരുന്നു ട്രംപിൻ്റെ മറുപടി.ബ്രയാൻ ടൈലർ കോഹൻ്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് അന്യഗ്രഹജീവികൾ യഥാർത്ഥമാണെന്ന് താൻ കരുതുന്നതായി ഒബാമ പറഞ്ഞത്. “അവ യഥാർത്ഥമാണ്, പക്ഷേ ഞാൻ അവയെ കണ്ടിട്ടില്ല. അവയൊന്നും ഏരിയ 51-ൽ ഇല്ല” ഒബാമ തമാശരൂപേണ പറഞ്ഞു. പ്രപഞ്ചത്തിൻ്റെ വലിപ്പം കണക്കിലെടുക്കുമ്പോൾ ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പിന്നീട് ഒബാമ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. തൻ്റെ ഭരണകാലത്ത് അന്യഗ്രഹജീവികൾ നമ്മളെ ബന്ധപ്പെട്ടതിന് തെളിവുകളൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തത വരുത്തിയിരുന്നു.

ഒബാമ രഹസ്യവിവരങ്ങൾ വെളിപ്പെടുത്തിയതിന് സൂചനകളൊന്നുമില്ലെങ്കിലും, ട്രംപ് ഈ അവസരം ഉപയോഗിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തീരുമാനിക്കുകയായിരുന്നു. അന്യഗ്രഹജീവികളിലും യുഎഫ്‌ഒകളിലും ജനങ്ങൾക്കുള്ള വലിയ താൽപ്പര്യം കണക്കിലെടുത്ത്, ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വിവരങ്ങളും ലഭ്യമാക്കാനുള്ള നടപടികൾ തൻ്റെ ഭരണകൂടം സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

അതേസമയം, യുഎസ് സർക്കാർ അന്യഗ്രഹജീവൻ കണ്ടെത്തിയതിന് തെളിവുകളില്ലെന്നും പല യുഎഫ്‌ഒ കാഴ്ചകളും സാധാരണ വസ്തുക്കൾ മാത്രമാണെന്നുമാണ് 2024-ലെ പെന്റഗൺ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments