ന്യൂഡൽഹി : നിർമ്മിത ബുദ്ധി (എഐ) പദ്ധതിയായ ‘പാക്‌സ് സിലിക്ക’ പ്രഖ്യാപനത്തിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. ഗ്ലോബൽ എഐ ഇംപാക്ട് സമിറ്റിന്റെ ഭാഗമായാണ് പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ പ്രധാന എഐ–വിതരണ ശൃംഖല (സപ്ലൈ ചെയിൻ) സുരക്ഷാ പദ്ധതിയാണ് ‘പാക്‌സ് സിലിക്ക’. വിശ്വസ്ത രാജ്യങ്ങളും കൂട്ടാളികളും തമ്മിലുള്ള പുതിയ സാമ്പത്തിക സുരക്ഷാ ധാരണ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. പരസ്പര സാമ്പത്തിക സുരക്ഷയ്ക്ക് വിശ്വസനീയമായ വിതരണ ശൃംഖല അനിവാര്യമാണെന്ന് ദീർഘകാല സമൃദ്ധിക്കായി എഐ നിർണായക മാറ്റം സൃഷ്ടിക്കുന്ന ശക്തിയാണെന്നും ‘പാക്‌സ് സിലിക്ക’ പ്രഖ്യാപനത്തിൽ പറയുന്നു.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വിവരമനുസരിച്ച് ഓസ്ട്രേലിയ, ഗ്രീസ്, ഇസ്രായേൽ, ജപ്പാൻ, ഖത്തർ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, യുഎഇ, യുകെ എന്നിവരാണ് പ്രഖ്യാപനത്തിൽ ഒപ്പുവെച്ച മറ്റ് രാജ്യങ്ങൾ. കാനഡ, നെതർലാൻഡ്സ്, യൂറോപ്യൻ യൂണിയൻ, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (OECD), തായ്‌വാൻ എന്നിവ പങ്കെടുത്തെങ്കിലും ഒപ്പുവെച്ചിട്ടില്ല.“പരസ്പര ഉയർച്ച, സാങ്കേതിക പുരോഗതി, സാമ്പത്തിക സുരക്ഷ എന്നിവ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പങ്കാളിത്തം ഉറപ്പിക്കുന്നു,” എന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
വിശ്വസനീയമായ വിതരണ ശൃംഖല പരസ്പര സാമ്പത്തിക സുരക്ഷയ്ക്ക് നിർണായകമാണെന്നും, വിശ്വസ്തമായ എഐ സംവിധാനങ്ങൾ സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുന്നതിന് അനിവാര്യമാണെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെൻ്റിൻ്റെ പ്രസ്താവനയിൽ പറയുന്നു. ഇതിനിടെ, ഗ്ലോബൽ എഐ ഇംപാക്ട് സമിറ്റ് 2026ന്റെ ഭാഗമായി ‘ന്യൂഡൽഹി ഫ്രണ്ടിയർ എഐ കമ്മിറ്റ്മെന്റ്സ്’ ഇന്ത്യ സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് ഇതിനെ സമിറ്റിന്റെ പ്രധാന നേട്ടമായി വിശേഷിപ്പിച്ചു. “ലോകത്തിലെ പ്രമുഖ എഐ കമ്പനികളും ഇന്ത്യൻ എഐ സ്ഥാപനങ്ങളും ചേർന്ന് സ്വമേധയാ ചില പ്രതിബദ്ധതകൾ ഉൾക്കൊള്ളുന്നതും പങ്കുവെക്കുന്നതുമായ എഐ വികസനത്തിനുള്ള സംയുക്ത വേദിയാണിതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

