കൈരളി ഓഫ് ബാൾട്ടിമോർ 2026 ഹാൻഡോവർ മീറ്റിംഗ്: ഒരു ടീം, ഒരു സ്വപ്നം, ഒരു കുടുംബം, ഒരു ദൗത്യംബാൾട്ടിമോർ (മേരിലാൻഡ്): ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന് കൈരളി ഓഫ് ബാൾട്ടിമോറിന്റെ (KoB) ഭരണകൈമാറ്റ സംഗമം പ്രൗഢഗംഭീരമായി. ബാൾട്ടിമോർ മിർച്ചി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ, ‘One Team, One Dream, One Family, One Mission’ എന്ന ആപ്തവാക്യമുയർത്തി പുതിയ പ്രവർത്തനവർഷത്തിന് തുടക്കമായി.

തീവ്രമായ തണുപ്പിനെ അവഗണിച്ചും ബാൾട്ടിമോറിലെ മലയാളി സമൂഹം ആവേശത്തോടെ ചടങ്ങിൽ പങ്കെടുത്തു. നിശബ്ദ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ, 2025ലെ പ്രസിഡന്റ് മൈജോ മൈക്കിൾസ് പോയ വർഷത്തെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. സെക്രട്ടറി റോഷിത പോൾ വാർഷിക റിപ്പോർട്ടും ട്രഷറർ മരിയ തോമസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സുതാര്യവും മാതൃകാപരവുമായ പ്രവർത്തനം കാഴ്ചവെച്ച മുൻ കമ്മിറ്റി സദസ്സിൽ കൈയടികളേറ്റു വാങ്ങി.

തുടർന്ന് പ്രതീകാത്മക ഭരണകൈമാറ്റത്തിൽ പ്രസിഡന്റ് മൈജോ മൈക്കിൾസ് പുതിയ പ്രസിഡന്റ് ലെഞ്ചി ജേക്കബിന് ചുമതലകൾ കൈമാറി. റോഷിത പോൾ (സെക്രട്ടറി), മരിയ തോമസ് (ട്രഷറർ) എന്നിവർ പുതിയ സെക്രട്ടറി ഗീവർ ചെറുവത്തൂരിനും ട്രഷറർ അനുഷ അലോഷ്യസിനും രേഖകൾ കൈമാറി.

പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: ലെഞ്ചി ജേക്കബ്
വൈസ് പ്രസിഡന്റ്: ബിജോ വിതയത്തിൽ
സെക്രട്ടറി: ഗീവർ ചെറുവത്തൂർ
ട്രഷറർ: അനുഷ അലോഷ്യസ്
ജോയിന്റ് സെക്രട്ടറി: ആഞ്ചല എബ്രഹാം
ജോയിന്റ് ട്രഷറർ: ജോ സക്കറിയ ഭദ്രദീപം തെളിയിച്ച് പുതിയ കമ്മിറ്റി സ്ഥാനമേറ്റെടുത്തു. മുൻ ഭാരവാഹികൾ കാത്തുസൂക്ഷിച്ച പാരമ്പര്യം ഉയർത്തിപ്പിടിക്കുമെന്നും കൂട്ടായ പരിശ്രമത്തിലൂടെ സംഘടനയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും മറുപടി പ്രസംഗത്തിൽ പ്രസിഡന്റ് ലെഞ്ചി ജേക്കബ് പറഞ്ഞു. യുവതലമുറയെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനായി ആവിഷ്കരിച്ച “റേസ് ടു 75 ഹവേഴ്സ്” (Race to 75 Hours) എന്ന പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു. യുവാക്കളുടെ സേവനസന്നദ്ധതയും നേതൃപാടവവും വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളെ സെക്രട്ടറി ഗീവർ ചെറുവത്തൂർ പരിചയപ്പെടുത്തി:
സാജു മർക്കോസ് (രജിസ്ട്രേഷൻ), ജോൺസൺ കടംകുളത്തിൽ (ഫിനാൻസ്), അനിൽ അലോഷ്യസ് (എന്റർടൈൻമെന്റ്), എബി പാപ്പനാൽ (ഹോസ്പിറ്റാലിറ്റി), നാസർ ഷംസ് (പി.ആർ.ഒ), സുനിൽ തരിബോണ (ഐ.ടി), നീന ഈപ്പൻ (വുമൺസ് ഫോറം), എൽദോ ചാക്കോ, ദീപ മേനോൻ (ഹെൽത്ത്), ആശിഷ് തോമസ് (സ്പോർട്സ്), സന്തോഷ് കവനക്കുടി (പിക്നിക്), തോമസ് ജോസ് (സുവനീർ), ജോർജി മറ്റമന, ആഞ്ചല ജോമി (യൂത്ത്).

2027-ലെ പ്രസിഡന്റ് ഇലക്ട് മാത്യൂസ് തോമസ് ചടങ്ങിന് ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ബിജോ വിതയത്തിൽ നന്ദി രേഖപ്പെടുത്തി. സംഗീത പരിപാടികളും വിഭവസമൃദ്ധമായ ഡിന്നറും ചടങ്ങിന് മാറ്റുകൂട്ടി. ഒരു വലിയ കുടുംബത്തിന്റെ ഒത്തുചേരലായി മാറിയ സംഗമം പുതിയ പ്രതീക്ഷകളോടെയാണ സമാപിച്ചത്.









