Thursday, October 22, 2026
HomeAmericaവിർജീനിയയിലെ ലാനാ സമ്മേളനത്തിൽ വേറിട്ട സാഹിത്യാനുഭവങ്ങൾ പങ്കിട്ട് സക്കറിയ

വിർജീനിയയിലെ ലാനാ സമ്മേളനത്തിൽ വേറിട്ട സാഹിത്യാനുഭവങ്ങൾ പങ്കിട്ട് സക്കറിയ

ഡോ. മധു നമ്പ്യാർ

മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ സക്കറിയയെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞത് വിർജീനിയയിൽ നടന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) റീജിയണൽ കൺവൻഷനിലെ വേറിട്ട അനുഭവമായിരുന്നു. അക്ഷര ലോകത്തെ വിശേഷങ്ങളും അനുഭവങ്ങളുമായി അദ്ധേഹം ആസ്വാദകരെ പിടിച്ചിരുത്തി. സെപ്റ്റംബർ 25 മുതൽ 27 വരെ ലീസ്‌ബർഗിൽ നടന്ന ലാനാ റീജിയണൽ കൺവൻഷനിൽ മലയാള സാഹിത്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. സക്കറിയയ്ക്കൊപ്പം നോവലിസ്റ്റ് വി. ജെ. ജെയിംസും എഴുത്തുകാരിയും അധ്യാപികയുമായ ഡോ. അനിത നഹാളും സമ്മേളനത്തിലെ പ്രധാന അതിഥികളായിരുന്നു. അന്തരിച്ച സാഹിത്യകാരൻ ജോർജ് മണ്ണിക്കരോട്ട്‌ന്റെ സ്മരണയ്ക്കായി സമർപ്പിച്ചായിരുന്നു ഇത്തവണത്തെ സമ്മേളനം.

സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് സക്കറിയ പങ്കെടുത്തത്. തുടർന്ന് നടന്ന ചെറുകഥാ സെഷനിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. പ്രവാസ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ മലയാള കഥയും നോവലും എങ്ങനെ മാറുന്നു എന്നതടക്കമുള്ള വിഷയങ്ങളിൽ നടന്ന ചർച്ചകൾ അതീവ ഗൗരവം നിറഞ്ഞതായിരുന്നു.

മലയാള സാഹിത്യത്തിൽ തന്റേതായ വ്യത്യസ്ത ശൈലിയും സാമൂഹിക കാഴ്ചപ്പാടുംകൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനാണ് സക്കറിയ. ചെറുകഥ, നോവൽ, യാത്രാവിവരണം, ലേഖനം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഹാസ്യവും ആക്ഷേപഹാസ്യവും സാമൂഹിക നിരീക്ഷണവും വ്യത്യസ്തമായ ആഖ്യാനരീതികളും അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകതകൾ.
സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ സക്കറിയയുടെ കൃതികൾ ഇംഗ്ലീഷടക്കമുള്ള വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരവധി കൃതികൾ യു.എസ്. ലൈബ്രറി ഓഫ് കോൺഗ്രസിന്റെ ശേഖരത്തിലുമുണ്ട്.

അത്തരമൊരു എഴുത്തുകാരനെ ലാനാ സമ്മേളനത്തിന്റെ വേദിയിൽ നേരിൽ കാണാനും കുറച്ചുസമയം സംസാരിക്കാനും കഴിഞ്ഞത് മലയാള സാഹിത്യത്തെ സ്നേഹിക്കുന്നവർക്ക് പ്രത്യേക അനുഭവമായിരുന്നു. പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പരിചിതനായ എഴുത്തുകാരനെ നേരിൽ കണ്ടുമുട്ടുമ്പോഴുള്ള ആ സന്തോഷം സമ്മേളനത്തിന്റെ തിരക്കുകൾക്കിടയിലും ഏറെക്കാലം ഓർമ്മയിൽ നിൽക്കുന്ന ഒന്നായി മാറി. മലയാള ഭാഷയെയും സാഹിത്യത്തെയും വടക്കേ അമേരിക്കൻ മണ്ണിൽ കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ലാനയുടെ ഇത്തവണത്തെ സമ്മേളനം സാഹിത്യസംവാദങ്ങൾക്കും എഴുത്തുകാരുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകൾക്കും പുതിയ തലമുറയെ സാഹിത്യത്തിലേക്ക് ആകർഷിക്കുന്ന പരിപാടികൾക്കും വേദിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments