തിരുവനന്തപുരം : ഗൃഹസമ്പർക്ക പരിപാടി പാർട്ടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടി സഖാക്കൾക്ക് പോരായ്മ സംഭവിച്ചെന്നു കീഴ്ഘടകങ്ങൾക്ക് കമ്മിറ്റി സർക്കുലർ അയച്ചു. ഫലപ്രദമായ ഈ ക്യാംപയിനോട് കാണിക്കുന്ന കുറ്റകരമായ അനാസ്ഥ തിരുത്താൻ എല്ലാ ഘടകങ്ങളും ഇടപെടണം. ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ യോഗം അടിയന്തരമായി ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യണം.
പാർട്ടി ബൂത്ത് കമ്മിറ്റികൾക്കു പുറമേ മുൻകാല പാർട്ടി പ്രവർത്തകർ, പാർട്ടി അംഗങ്ങളല്ലാത്ത സജീവ അനുഭാവികൾ, പൊതു സ്വീകാര്യതയുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തി സഹായ കമ്മിറ്റികൾ രൂപീകരിക്കണം. ഫെബ്രുവരി പത്തിനു മുൻപ് ഈ കമ്മിറ്റികൾ നിലവിൽ വരണം. പിന്നീട് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാഗമായി ഇതിനെ പ്രവർത്തിപ്പിക്കണം.
വോട്ടർമാരുമായും അവരുടെ കുടുംബങ്ങളുമായും അടുത്ത ബന്ധം സ്ഥാപിക്കണം. പാർട്ടിയിൽനിന്നു വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരണം. ഓരോ ബൂത്തിലും രണ്ടുപേരെ മുഴുവൻ സമയ പ്രവർത്തകരായി നിയോഗിക്കണം. ഇവരുടെ പരിശീലനം പഞ്ചായത്ത്, നഗരസഭാ അടിസ്ഥാനത്തിൽ നടത്തണം. സ്ത്രീകളുടെ പ്രത്യേക സ്ക്വാഡ് രൂപീകരിക്കണം. ഓരോ ബൂത്തിൽനിന്നും രണ്ടുപേരെ ഇതിനായി കണ്ടെത്തണം. ന്യൂനപക്ഷ വിഭാഗത്തിലുള്ള സ്ത്രീകളെ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്നും നിർദേശുണ്ട്. ജനുവരി 15 മുതലാണ് സിപിഎം ഗൃഹസന്ദർശന പരിപാടി ആരംഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ സാഹചര്യത്തിലായിരുന്നു പരിപാടി.

