ന്യൂഡൽഹി: സിഡ്‌നി ഹാർബറിൽ സ്രാവിൻ്റെ ആക്രമണത്തിന് ഇരയായ നിക്കോ ആൻ്റിക് എന്ന 12 വയസ്സുകാരൻ മരിച്ചു. ഈ മാസം,18-ന് സിഡ്‌നി ഹാർബറിലെ വോക്ലൂസ് എന്ന സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം പാറക്കെട്ടിൽ നിന്ന് വെള്ളത്തിലേക്ക് ചാടുന്നതിനിടയിലാണ് കുട്ടിയെ സ്രാവ് ആക്രമിച്ചത്. രണ്ട് കാലുകൾക്കും സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ സിഡ്‌നി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയോളം മരണത്തോട് മല്ലിട്ട ശേഷം ശനിയാഴ്ചയാണ് നിക്കോ മരിച്ചതായി സ്ഥിരീകരിച്ചത്.
കനത്ത മഴയെത്തുടർന്ന് ഹാർബറിലെ വെള്ളം കലങ്ങിയത് ബുൾ സ്രാവുകളെ തീരത്തേക്ക് ആകർഷിക്കാൻ കാരണമായെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ സിഡ്‌നി തീരത്ത് മറ്റ് മൂന്ന് സ്രാവ് ആക്രമണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ഏകദേശം 40-ഓളം ബീച്ചുകൾ അധികൃതർ താൽക്കാലികമായി അടച്ചുപൂട്ടിയിരുന്നു.

