ന്യൂഡൽഹി: കഴിഞ്ഞ ഒരു മാസത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ച സാഹചര്യത്തിൽ ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം താരിഫ് പിൻവലിച്ചേക്കുമെന്ന് സൂചന നൽകി യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ്. പൊളിറ്റിക്കോക്ക് നൽകിയ അഭിമുഖത്തിലാണ് ബെസന്‍റിന്‍റെ പ്രസ്താവന. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ച സാഹചര്യത്തിൽ താരിഫുകൾ പിൻവലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.
യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ ഉപരോധം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേൽ യു.എസ് 25 ശതമാനം അധിക താരിഫ് ചുമത്തിയത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ എണ്ണ കമ്പോളത്തിന്‍റെ രണ്ടോ മൂന്നോ ശതമാനം മാത്രമായിരുന്നു റഷ്യൻ എണ്ണ. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഉപരോധങ്ങളെ തുടർന്ന് റഷ്യൻ എണ്ണയുടെ വില കുറഞ്ഞതോടെ ഇതിന്‍റെ അളവ് വർധിച്ചു.
യു.എസ് അധിക താരിഫ് ചുമത്തിയതിനെ തുടർന്ന് ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ വെട്ടിക്കുറക്കുകയും പകരം പശ്ചിമേഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്ന് എണ്ണ വാങ്ങുകയും ചെയ്തു. അഭിമുഖത്തിൽ റഷ്യക്ക് സാമ്പത്തിക സഹായം നൽകുന്നതിന് യൂറോപ്യൻ രാജ്യങ്ങളെ ബെസന്‍റ് വിമർശിച്ചു.

