പത്തനംതിട്ട: ശബരിമലയിൽ ഓൺലൈൻ ബുക്കിംഗിലൂടെ മാത്രം ദർശനമെന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അയ്യപ്പസേവാസമാജം. നെയ്യഭിഷേകം നടത്തുന്നതിന് പകരം ഭക്തർ കൊണ്ടുവരുന്ന നെയ് വാങ്ങി പകരം നെയ് നൽകാനുള്ള തീരുമാനവും അപലപനീയമാണെന്ന് അയ്യപ്പസേവാസമാജം വ്യക്തമാക്കി.
വെർച്ചൽ ക്യൂ വഴി മാത്രമുള്ള ദർശനം ഭക്തരുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. തീർത്ഥാടകർക്ക് ഇൻഷുറൻസ് എന്ന പേരിൽ പത്തുരൂപ വീതം ഈടാക്കാനുള്ള തീരുമാനവും പിൻവലിക്കണമെന്നും ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
തീരുമാനങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യത്തുടനീളം അയ്യപ്പഭക്തരെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിലേക്കും നിയമ നടപടികളിലേക്കും കടക്കും. ഓൺലൈനായി ചേർന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു, ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ, സ്വാമി അയ്യപ്പദാസ്, അരവിന്ദാക്ഷൻ, മുരളി കോളങ്ങാട്, വി.കെ വിശ്വനാഥൻ, കെ. കൃഷ്ണൻകുട്ടി മുതലായവർ സംസാരിച്ചു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ ഒരു ദിവസം പരമാവധി 80,000 പേരെ ദർശനത്തിന് അനുവദിച്ചാൽ മതിയെന്ന് തീരുമാനിച്ചത്. ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം മതിയെന്നും ഈ യോഗത്തിലാണ് തീരുമാനിച്ചത്. സ്‌പോട്ട് ബുക്കിംഗ് ഉൾപ്പെടെയുളള സൗകര്യങ്ങൾ തിരിച്ചുകൊണ്ടുവരണമെന്ന് ഭക്തർ ആവശ്യപ്പെടുന്നുണ്ട്. ബിജെപിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.