ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ഒരു ദക്ഷിണ കൊറിയൻ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. 32 കാരിയായ ദക്ഷിണ കൊറിയൻ വനിതയാണ് ഇര. എയർ ഇന്ത്യ SATS-ലെ ഗ്രൗണ്ട് സ്റ്റാഫ് അംഗം മുഹമ്മദ് അഫാൻ അഹമ്മദ് (25) ആണ് പിടിയിലായിരിക്കുന്നത്.
വിമാനത്താവളത്തിലെ ടെർമിനൽ 2-ലെ അന്താരാഷ്ട്ര ഡിപ്പാർച്ചർ ഏരിയയിൽ വെച്ച്, ഇമിഗ്രേഷൻ, സിഐഎസ്എഫ് പരിശോധനകൾ പൂർത്തിയാക്കുന്നതിനിടെയാണ് പരാതിക്ക് കാരണമാസ സംഭവം നടന്നത്. ബാഗേജിൽ ബീപ് ശബ്ദം കേട്ടെന്ന വ്യാജേന, പ്രത്യേക പരിശോധന നടത്താനെന്ന പേരിൽ പ്രതി യുവതിയെ പുരുഷന്മാരുടെ വാഷ്റൂമിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് ഇയാൾ യുവതിയുടെ ശരീരത്തിൽ സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തു.യുവതി ഉടൻ തന്നെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു.
പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 75 പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിക്ക് യാത്രക്കാരെ ദേഹപരിശോധന നടത്താൻ അധികാരമുണ്ടായിരുന്നില്ലെന്നും, അത്തരം പരിശോധനകൾ വനിതാ ജീവനക്കാർ മാത്രമാണ് നടത്തേണ്ടതെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.

