ന്യൂഡൽഹി : ഇറാനിലെ ഖമേനി ഭരണകൂടത്തിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ രണ്ട് വാണിജ്യ വിമാനങ്ങൾ ഇന്നലെ രാത്രി വൈകി ഡൽഹിയിൽ എത്തി. ഇറാനിലെ സുരക്ഷാ സാഹചര്യം മോശമായതിനെത്തുടർന്ന് ഇന്ത്യൻ സർക്കാർ നൽകിയ നിർദ്ദേശമനുസരിച്ചാണ് പൗരന്മാരെ തിരിച്ചെത്തിച്ചത്.
ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി പ്രത്യേക വിമാനം ഏർപ്പെടുത്തിയിരുന്നില്ല. പകരം പതിവ് വാണിജ്യ വിമാനത്തിലാണ് പൌരന്മാരെ എത്തിച്ചത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ഇവരെത്തിയത്. ഇറാനിൽ നിന്നുള്ള രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തുകയാണെങ്കിൽ മാത്രമേ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക രക്ഷാദൗത്യം ആരംഭിക്കൂയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിമാനസർവീസുകൾ ഉണ്ടെന്നും ഇറാനിൽ നിന്നു മടങ്ങാൻ ആഗ്രഹിക്കന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും മന്ത്രാലയം അറിയിച്ചു.വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാനിയൻ വ്യോമാതിർത്തി അടച്ചതിനാൽ ജനുവരി 15 ന് ഇന്ത്യയിൽ നിന്നുള്ള ചില വിമാനങ്ങൾ തടസ്സപ്പെട്ടിരുന്നു. ഇറാനിലൂടെയുള്ള വ്യോമഗതാഗതം പുനരാരംഭിച്ചതോടെ നിരവധി ഇന്ത്യക്കാർ മടങ്ങാൻ തീരുമാനിച്ചെങ്കിലും സ്ഥിതി ഇപ്പോൾ സാധാരണ നിലയിലേക്ക് നീങ്ങുന്നുണ്ട്.
ഏകദേശം 9,000 ഇന്ത്യക്കാരാണു നിലവിൽ ഇറാനിലുള്ളത്. ഇതിൽ ഏറെയും വിദ്യാർഥികളാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. മടങ്ങിയെത്തിയവരിലും ഭൂരിഭാഗവും ഇറാനിലെ വിദ്യാർത്ഥികളും തീർഥാടകരുമായിരുന്നു.
ഇറാനിലെ സ്ഥിതിഗതികൾ മോശമാണെന്നും, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടതിനാൽ കുടുംബത്തോട് ബന്ധപ്പെടാൻ പോലും കഴിഞ്ഞില്ലെന്നും തിരിച്ചെത്തിയവർ പറഞ്ഞു. “ഞങ്ങൾ പുറത്തുപോകുമ്പോൾ, കാറിന് മുന്നിൽ പ്രതിഷേധക്കാർ വരുമായിരുന്നു. അവർ ചെറിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമായിരുന്നു. ഇന്റർനെറ്റ് ഇല്ലായിരുന്നു. അതിനാൽ, ഞങ്ങളുടെ കുടുംബങ്ങളെ അറിയിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, ഞങ്ങൾക്ക് അൽപ്പം ആശങ്കയുണ്ടായിരുന്നു. ഞങ്ങൾക്ക് എംബസിയുമായി ബന്ധപ്പെടാൻ പോലും കഴിഞ്ഞില്ല,” ഒരു മാസമായി ഇറാനിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരൻ അനുഭവം പങ്കുവെച്ചു.

