വാഷിംഗ്ടൺ : നൈൽ നദിയിൽ എത്യോപ്യ നിർമ്മിച്ച ഗ്രാൻഡ് എത്യോപ്യൻ നവോത്ഥാന അണക്കെട്ടുമായി (GERD) ബന്ധപ്പെട്ട് ഈജിപ്തും എത്യോപ്യയും തമ്മിലുള്ള ദീർഘകാലമായുള്ള തർക്കത്തിൽ അമേരിക്കൻ മധ്യസ്ഥത പുനരാരംഭിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. നൈൽ നദിയിലെ വെള്ളം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ അമേരിക്കൻ മധ്യസ്ഥത പുനരാരംഭിക്കാൻ തയ്യാറാണെന്ന് കാണിച്ച് ട്രംപ് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിക്ക് കത്തയച്ചു. നൈൽ നദിയുടെ വിഭവങ്ങൾ ഒരു രാജ്യം മാത്രം ഏകപക്ഷീയമായി നിയന്ത്രിക്കാൻ പാടില്ലെന്നും അത് അയൽരാജ്യങ്ങളെ ദോഷകരമായി ബാധിക്കരുതെന്നും വ്യക്തമാക്കിയാണ് ട്രംപിൻ്റെ നീക്കം.
‘നൈൽ ജല പങ്കിടൽ’ എന്ന പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കുന്നതിന് ഈജിപ്തിനും എത്യോപ്യയ്ക്കും ഇടയിൽ യുഎസ് മധ്യസ്ഥത പുനരാരംഭിക്കാൻ ഞാൻ തയ്യാറാണ്,” വൈറ്റ് ഹൗസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു കത്തിൽ ട്രംപ് പറഞ്ഞു. “ഈ മേഖലയിലെ ഒരു രാജ്യവും നൈൽ നദിയുടെ വിലയേറിയ വിഭവങ്ങൾ ഏകപക്ഷീയമായി നിയന്ത്രിക്കരുതെന്നും ഈ പ്രക്രിയയിൽ അയൽക്കാർക്ക് ദോഷം വരുത്തരുതെന്നും അമേരിക്ക ഉറപ്പിക്കുന്നു,” ട്രംപ് പറഞ്ഞു.
വരൾച്ചാ സമയങ്ങളിൽ ഈജിപ്തിനും സുഡാനും ആവശ്യമായ വെള്ളം ലഭ്യമാക്കണമെന്നും അതേസമയം എത്യോപ്യയ്ക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകണമെന്നുമാണ് ട്രംപിൻ്റെ നിർദ്ദേശം.കഴിഞ്ഞ സെപ്റ്റംബറിൽ എത്യോപ്യ ഈ അണക്കെട്ട് ഉദ്ഘാടനം ചെയ്തിരുന്നു. ആഫ്രിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ജി.ഇ.ആർ.ഡി. സെപ്റ്റംബറിൽ പ്രധാനമന്ത്രി അബി അഹമ്മദാണ് ഉദ്ഘാടനം ചെയ്തത്. 4 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ഇത് എത്യോപ്യയുടെ നിലവിലെ വൈദ്യുതി ശേഷിയുടെ ഇരട്ടിയിലധികം വരും. ഇത് തങ്ങളുടെ ജലസുരക്ഷയെ ബാധിക്കുമെന്ന് ഈജിപ്ത് ഭയപ്പെടുന്നു. നേരത്തെ ട്രംപിന്റെ ആദ്യ ഭരണകാലത്തും മധ്യസ്ഥ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അവ പരാജയപ്പെടുകയായിരുന്നു.
അണക്കെട്ടിനെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിൽ അമേരിക്കയെക്കൂടാതെ, ലോക ബാങ്ക്, റഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആഫ്രിക്കൻ യൂണിയൻ എന്നിവയുടെ മധ്യസ്ഥ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു സുസ്ഥിരമായ കരാർ ഉണ്ടാക്കുക എന്നത് തന്റെ ഭരണകൂടത്തിന്റെ മുൻഗണനാ പട്ടികയിൽ ഉണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

