തിരുവല്ല : മൂന്നാമത്തെ ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് തിരിച്ചടി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളി.മജിസ്ട്രേറ്റ് അരുന്ധതി ദിലീപാണ് ജാമ്യഹർജി തള്ളിയത്. രാഹുൽ മാവേലിക്കര സബ് ജയിലിൽതന്നെ തുടരും. പ്രോസിക്യൂഷൻ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യത്തിനായി രാഹുൽ ഇന്നുതന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം. അടച്ചിട്ട കോടതിമുറിയിൽ നടന്ന നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് വെള്ളിയാഴ്ച ഹരജി വിധി പറയാനായി മാറ്റിയത്. പ്രോസിക്യൂഷനു വേണ്ടി എ.പി.പി എം.ജി. ദേവിയാണ് ഹാജരായത്. അതിജീവിതയുടെ വിവരങ്ങൾ പുറത്താകാതിരിക്കാനാണ് അടച്ചിട്ട കോടതിമുറിയിൽ വാദം കേട്ടത്.
വാദിയുടെ വ്യക്തമായ മൊഴിയില്ലാതെയാണ് പൊലീസ് കേസെടുത്തതെന്നും എഫ്.ഐ.ആർ ഇട്ടതെന്നും പ്രതിഭാഗം വാദിച്ചു. രാഹുലിന്‍റെ അറസ്റ്റ് നിലനിൽക്കുന്നതല്ല. മാനദണ്ഡം പാലിക്കാതെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ സമാന കേസിൽ പ്രതിക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതാണെന്നും നിയമസഭാംഗമാണെന്നും പ്രതിഭാഗം വാദിച്ചു.പ്രതി ഉന്നതബന്ധങ്ങളുള്ള ആളാണെന്നും വാദിയെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിദേശത്തുള്ള യുവതി നൽകിയ പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. നിലവിൽ രാഹുലിനെതിരെ മൂന്നു കേസുകളാണുള്ളത്. ആദ്യ കേസിൽ ഹൈകോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണ കോടതി ജനുവരി 21വരെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിക്കുന്നത്.

