ലണ്ടൻ : രാജ്യത്ത് ഇന്റർനെറ്റ് സ്ഥിരമായി വിച്ഛേദിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇനി മുതൽ ഭരണകൂടം അംഗീകരിച്ചവർക്ക് മാത്രം ഇന്റർനെറ്റ് അനുവദിക്കുമെന്ന് ഇറാനിലെ ഡിജിറ്റൽ അവകാശ പ്രവർത്തകരെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇന്റർനെറ്റ് ‘സർക്കാർ പദവി’ ആക്കി മാറ്റാനുള്ള രഹസ്യ പദ്ധതി നടക്കുന്നുവെന്നാണ് ഇറാനിലെ ഇന്റർനെറ്റ് സെൻസർഷിപ്പ് നിരീക്ഷിക്കുന്ന ഫിൽട്ടർവാച്ച് എന്ന സംഘടന പറയുന്നത്. രാജ്യത്തിനകത്തുള്ള ഒന്നിലധികം ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്
2026-ന് ശേഷം നിയന്ത്രണമില്ലാത്ത ഇന്റർനെറ്റ് പ്രവേശനം പുനഃസ്ഥാപിക്കില്ലെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദ്ദിഷ്ട സംവിധാനത്തിന് കീഴിൽ സുരക്ഷാ ക്ലിയറൻസ് നേടുന്നവർക്ക് അല്ലെങ്കിൽ സർക്കാർ പരിശോധന പാസായ ഇറാനികൾക്ക് മാത്രമേ ആഗോള ഇന്റർനെറ്റിന്റെ പരിമിതമായ പതിപ്പിലേക്ക് പ്രവേശനം ലഭിക്കൂവെന്ന് ഫിൽട്ടർവാച്ച് മേധാവി ആമിർ റാഷിദി പറഞ്ഞു. ശേഷിച്ചവരെ ഇറാനിലെ ദേശീയ ഇന്റർനെറ്റിലേക്ക് പരിമിതപ്പെടുത്തും. ഇത് പുറംലോകത്തുനിന്ന് വിച്ഛേദിക്കപ്പെട്ട ആഭ്യന്തര സമാന്തര ശൃംഖലയാണ്.
രണ്ടാഴ്ചയായി തുടരുന്ന ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ ജനുവരി എട്ടിനാണ് ഇറാനിലെ ഇന്റർനെറ്റ് ഷട്ട്ഡൗൺ ആരംഭിച്ചത്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. കടുത്ത അടിച്ചമർത്തലിന് ശേഷം പ്രക്ഷോഭങ്ങൾ മന്ദഗതിയിലായി.ഇന്റർനെറ്റ് നിരോധനം രാജ്യത്തുനിന്നുള്ള വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുകയും ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും കഠിനവുമായ ഇന്റർനെറ്റ് ഷട്ട്ഡൗണുകളിൽ ഒന്നായി മാറുകയും ചെയ്തിട്ടുണ്ട്. 2011 ലെ ഈജിപ്തിലെ തഹ്‌രീർ സ്‌ക്വയർ പ്രക്ഷോഭകാലത്തെ ഷട്ട്ഡൗണിനെയും ഇത് മറികടന്നു. മാർച്ച് 20-ന് പേർഷ്യൻ പുതുവർഷമായ നൗറോസ് വരെ ഇന്റർനെറ്റ് പ്രവേശനം തടയുമെന്നും ഒരു സർക്കാർ വക്താവ് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഇറാനിയൻ അധികാരികൾ നിലവിലെ കണക്റ്റിവിറ്റിയിൽ സംതൃപ്തരാണെന്നും ഷട്ട്ഡൗൺ നിയന്ത്രണം നിയന്ത്രണം വീണ്ടെടുക്കാൻ അവരെ സഹായിച്ചുവെന്ന് വിശ്വസിക്കുന്നതായും റാഷിദി പറഞ്ഞു. രാജ്യത്തിന്റെ ഇന്റർനെറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിയന്ത്രണം ശക്തമാക്കാൻ 16 വർഷമായി ഇറാനിയൻ സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ പരിണിതഫലമാണ് നിലവിലെ നിരോധനം.
ഈ തന്ത്രത്തിന്റെ ഒരു പ്രധാന ഘടകം ‘വൈറ്റ് ലിസ്റ്റിംഗ്’ ആണ്. ചില ഉപയോക്താക്കൾക്ക് മാത്രം ഇന്റർനെറ്റിലേക്ക് പ്രവേശനം അനുവദിക്കുകയും മറ്റുള്ളവരിൽനിന്ന് അത് തടയുകയും ചെയ്യുന്നു. ചൈന നൽകിയ സാങ്കേതികവിദ്യയാണ് ഈ സംവിധാനം സാധ്യമാക്കിയതെന്ന് ഗവേഷകർ പറയുന്നു. കേബിളുകളിൽ ശൃംഖലയായി ഘടിപ്പിച്ച് ഇന്റർനെറ്റ് ട്രാഫിക് നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്ന മിഡിൽ ബോക്‌സുകൾ എന്നറിയപ്പെടുന്ന ഉയർന്ന ശേഷിയുള്ള ഉപകരണങ്ങളെ ആശ്രയിച്ചാണ് നിരോധനം നടപ്പാക്കുന്നത്.
ഈ സംവിധാനങ്ങൾ ഇന്റർനെറ്റ് ട്രാഫിക് പരിശോധിക്കുകയും തടയുകയും ചെയ്യുന്നു. ഉപയോക്താക്കളെ നിരീക്ഷിക്കാനും വെബ്സൈറ്റുകൾ, പ്രോട്ടോക്കോളുകൾ, ചില വിപിഎൻ സേവനങ്ങൾ എന്നിവ തടയാനും ഭരണാധികാരികൾക്ക് ഇതുവഴി കഴിയുന്നു. ‘സെൻസർഷിപ്പ് ഉപകരണങ്ങൾ ശൃംഖലയിലുടനീളം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് രണ്ട് ദിശകളിലും കണക്ഷനുകൾ തടയാൻ സർക്കാരിനെ അനുവദിക്കുന്നു.’ ഗവേഷകർ പറഞ്ഞു.

