വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ തുടരുന്നതിനിടെ, ഇന്ത്യയോട് തീരുവ കുറയ്ക്കാൻ ആവശ്യപ്പെടണമെന്ന് കാട്ടി പ്രസിഡൻ്റ് ട്രംപിന് കത്തയച്ച് രണ്ട് യുഎസ് സംസ്ഥാനങ്ങളിലെ നിയമനിർമ്മാതാക്കൾ.മൊണ്ടാനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർമാരായ സ്റ്റീവ് ഡെയ്‌ൻസും നോർത്ത് ഡക്കോട്ടയിൽ നിന്നുള്ള കെവിൻ ക്രാമറും ട്രംപിനോട് അമേരിക്കൻ പയർ വർഗ്ഗങ്ങൾ ഇറക്കുമതിയിൽ നിലവിൽ ചുമത്തുന്ന താരിഫ് കുറയ്ക്കാൻ ഇന്ത്യയോട് ആവശ്യപ്പെടണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ലോക രാജ്യങ്ങൾ മുഴുവൻ തീരുവ കുറയ്ക്കണമെന്ന ആവശ്യം അമേരിക്കയ്ക്ക് മുന്നിൽ വയ്ക്കുമ്പോഴാണ് അമേരിക്കൻ സെനറ്റർമാരുടെ ഈ നീക്കം.
പയർവർഗ്ഗങ്ങൾ ഉത്പാദിപ്പിക്കുന്ന അമേരിക്കൻ കർഷകർക്ക് ഇന്ത്യൻ വിപണിയിൽ മികച്ച പ്രവേശനം ഉറപ്പാക്കുന്നതിനായി ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിൽ അനുകൂലമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് സെനറ്റർമാർ ട്രംപിനോട് ആവശ്യപ്പെട്ടു. അമേരിക്കയിൽ നിന്നുള്ള പയർവർഗ്ഗങ്ങൾക്ക് (പ്രത്യേകിച്ച് മഞ്ഞ പയർ – Yellow Peas) ഇന്ത്യ നിലവിൽ 30 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. 2025 നവംബർ 1 മുതലാണ് ഈ താരിഫ് പ്രാബല്യത്തിൽ വന്നത്.
അമേരിക്കയിലെ പയർവർഗ്ഗ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളാണ് മൊണ്ടാനയും നോർത്ത് ഡക്കോട്ടയും. ഇന്ത്യയുടെ ഉയർന്ന നികുതി കാരണം ഈ സംസ്ഥാനങ്ങളിലെ കർഷകർക്ക് മറ്റ് രാജ്യങ്ങളിലെ ഉത്പാദകരുമായി മത്സരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് സെനറ്റർമാർ ചൂണ്ടിക്കാട്ടിലോകത്തിലെ ഏറ്റവും വലിയ പയർവർഗ്ഗ ഉപഭോക്താക്കളാണ് ഇന്ത്യ. ആഗോള പയർവർഗ്ഗ ഉപഭോഗത്തിന്റെ ഏകദേശം 27 ശതമാനം ഇന്ത്യയിലാണ് നടക്കുന്നത്.ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര കരാറുകൾ സജീവമായി ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്.

