വാഷിംഗ്ടൺ : ചന്ദ്രനിലേക്ക് ‘യാത്ര ചെയ്യാൻ” ഭാഗ്യം ലഭിച്ച അപൂർവ റോളക്സ് വാച്ച് ലേലത്തിന്. അന്തരിച്ച ബഹിരാകാശ സഞ്ചാരി എഡ്ഗർ മിച്ചലിന്റെ ജി.എം.ടി – മാസ്റ്റർ ‘പെപ്സി” മോഡൽ വാച്ചാണ് വിൽപ്പനയ്ക്കെത്തുന്നത്. ചന്ദ്രനിൽ നടന്ന ആറാമത്തെ മനുഷ്യനാണ് എഡ്ഗർ. ഏകദേശം 4,00,000 ഡോളറിലേറെ തുക ഈ മാസം 24ന് നടക്കുന്ന ലേലത്തിൽ വാച്ചിന് ലഭിക്കുമെന്ന് കരുതുന്നു.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അപ്പോളോ ചാന്ദ്ര മിഷന്റെ ഭാഗമായ രണ്ട് വാച്ചുകൾ മാത്രമാണ് ലേലത്തിനെത്തിയിട്ടുള്ളതെന്നും അതിൽ ഒന്നാണിതെന്നും അധികൃതർ പറയുന്നു. 1971ൽ അപ്പോളോ – 14 മിഷന്റെ ഭാഗമായ എഡ്ഗർ, അലൻ ഷെപ്പേഡിനൊപ്പമാണ് ചന്ദ്രനിൽ കാലുകുത്തിയത്. ഒമേഗ സ്‌പീഡ്മാസ്റ്റർ പ്രൊഫഷണൽ വാച്ചുകളാണ് നാസ സഞ്ചാരികൾക്ക് നൽകിയത്.
എന്നാൽ എഡ്ഗർ ഔദ്യോഗിക വാച്ചുകൾക്കൊപ്പം തന്റെ പെപ്‌സി മോഡലും തിരഞ്ഞെടുത്തു. വാച്ചിന്റെ ബേസലിൽ നീലയും ചുവപ്പും നിറമുള്ളതിനാലാണ് പെപ്‌സി എന്ന പേര് ലഭിച്ചത്. പ്രാദേശിക, ഗ്രീനിച്ച് സമയങ്ങൾ പൈലറ്റുമാർക്ക് മനസിലാകും വിധം പാൻ അമേരിക്കനുമായി സഹകരിച്ചാണ് വാച്ച് ഡിസൈൻ ചെയ്തത്. 1970ൽ അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സണിൽ നിന്ന് പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നേടിയ എഡ്ഗർ 2016 ഫെബ്രുവരി 4ന് 85-ാം വയസിൽ അന്തരിച്ചു.