ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളെയും സാറ്റലൈറ്റുകളേയും പ്രതികൂലമായി ബാധിക്കാന്‍ തക്കവണ്ണം ശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. തുടര്‍ച്ചയായ സൗരവാതങ്ങള്‍ക്ക് പിന്നാലെയെത്തുന്ന ഈ സൗരകൊടുങ്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘കുറച്ച് ദിവസം മുമ്പുണ്ടായ സൗരജ്വാലകള്‍ മെയ് മാസത്തിലുണ്ടായ സൗരജ്വാലയ്ക്ക് സമാനമാണ്. ഈ ജ്വാലകൾ ഭൂകാന്തിക കൊടുങ്കാറ്റുകൾ സൃഷ്ടിക്കുന്നു, ഇത് ഭൂമിയില്‍ വൈദ്യുതി തടസ്സത്തിന് കാരണമാകുകയും റേഡിയോ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും’ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ് ഡയറക്ടര്‍ ഡോ.അന്നപൂര്‍ണി സുബ്രമണ്യന്‍ പറഞ്ഞു. സൂര്യൻ പുറന്തള്ളുന്ന ശക്തമായ സൗരജ്വാലകളുടെ ഒരു പരമ്പരയെയാണ് സമീപകാല റിപ്പോർട്ടുകൾ കാണിക്കുന്നത്. ഒക്ടോബർ 1ന് X7.1 ക്ലാസില്‍പെട്ട സൗരജ്വാലയും ഒക്ടോബർ 3ന് അതിലും ശക്തമായ X9.0 ക്ലാസില്‍പെട്ട സൗരജ്വാലയും സംഭവിച്ചതായി നാസ രേഖപ്പെടുത്തിയിട്ടുണ്ട്. സൗരജ്വാലകളില്‍ ഏറ്റവും ശക്തിയേറിയതിനെയാണ് X ക്ലാസ് എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.
സോളാര്‍ കൊടുങ്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഇന്ത്യൻ സാറ്റലൈറ്റ് ഓപ്പറേറ്റർമാരോട് ഐഎസ്ആർഒ പറഞ്ഞിട്ടുണ്ട്. എന്തിരുന്നാലും സൗരജാല ഭൂമിയെ എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ കാത്തിരിക്കാനാണ് തീരുമാനം. എന്തെങ്കിലും പ്രതികൂലമായി സംഭവിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് തന്നെയറിയണം എന്നാണ് അന്നപൂര്‍ണി സുബ്രമണ്യന്‍ പറയുന്നത്.