സിഡ്‌നി: കാണാതായ മംദൗ നൗഫ്ലിനെ (62) ഭാര്യ നിർമീൻ നൗഫ്ലിൽ (53) കുടുംബവീട്ടിൽ വച്ച് കൊലപ്പെടുത്തിയെന്ന് സ്ഥീകരണം. കൊലപാതക ശേഷം മരം മുറിക്കുന്ന ഇലക്‌ട്രിക് മെഷീൻ ഉപയോഗിച്ച് മൃതദേഹം ക്ഷണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളിലേക്ക് മാറ്റി. തുടർന്ന് ഇവ സിഡ്‌നിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വിവിധ പാർപ്പിട, വ്യാവസായിക സൈറ്റുകളിൽ കുഴിച്ചിട്ടതായി പൊലീസ് പറയുന്നു.
2023 ജൂലൈയിലാണ് മംദൗവിനെ കാണാതായി എന്ന് പരാതി ലഭിച്ചത്. കഴിഞ്ഞ വർഷം മേയ് 3 ന് മംദൗയും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് ഭാര്യ ഇയാളെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ആശുപത്രിയിൽ വെച്ച് അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്.
പ്രതിയുടെ അറസ്റ്റ് നിർണായക സമയത്താണെന്ന് മംദൗയുടെ ബന്ധുക്കൾ പറയുന്നു. സ്വത്തുക്കൾ വിൽക്കുന്നതിനായി നിർമീൻ ഈജിപ്തിലേക്ക് പോയിരുന്നു. തുടർന്ന് യുഎഇയിൽ താമസമാക്കുന്നതിന് പദ്ധതിയിട്ടിരിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയതെന്നാണ് മംദൗയുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്.
പൊലീസ് ഇപ്പോഴും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾക്കായി തിരയുകയാണ്. നിർമീൻ മൃതദേഹം ഒളിപ്പിച്ചതായി പറയുന്ന സ്ഥലങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. കുടുംബത്തെ സന്ദർശിക്കാൻ ഭർത്താവ് ഈജിപ്തിലേക്ക് പോയിരുന്നുതായി നിർമീൻ പറഞ്ഞിരുന്നു. പക്ഷേ കുടുംബാംഗങ്ങൾക്ക് അദ്ദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മംദൗയുടെ ബാങ്ക് അക്കൗണ്ടുകളും 2023 ജൂലൈ വരെ ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ദമ്പതികളുടെ കുടുംബ സുഹൃത്തുക്കൾ മംദൗയെ കാണാതായ വിവരം റിപ്പോർട്ട് ചെയ്ത ശേഷമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
30 വർഷം മുൻപ് ഈജിപ്തിൽ നിന്ന് സിഡ്‌നിയിലേക്ക് താമസം മാറിയ ദമ്പതികൾ കഴിഞ്ഞ അഞ്ച് മുതൽ 10 വർഷമായി ഗ്രീനെക്കർ ഹോമിൽ താമസിച്ചു വരികയായിരുന്നു.ഈ സംഭവം ദമ്പതികളുടെ 20-നും 30-നും ഇടയിൽ പ്രായമുള്ള എട്ട് മക്കൾക്കും വലിയ ഞെട്ടിലിന് കാരണമായിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.