Monday, December 23, 2024
HomeBreakingNewsഎഡിജിപിയ്ക്കെതിരെ ഒടുവിൽ നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

എഡിജിപിയ്ക്കെതിരെ ഒടുവിൽ നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപിയുടെ വാദങ്ങൾ തള്ളി ഡിജിപി റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടി സ്ഥാന മാറ്റത്തിൽ മാത്രം ഒതുങ്ങിയെന്നതാണ് ശ്രദ്ധേയം. എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പൊലീസ് ബറ്റാലിയനിലേക്ക് മാറ്റികൊണ്ടെന്ന് സ്ഥലം മാറ്റിയെന്നാണ് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പ്. ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറുമ്പോള്‍ പകരം ഇന്‍റലിന്‍ജ് എഡിജിപിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ ഇറങ്ങും.

അതേസമയം, നിലവിൽ സായുധ പൊലീസ് ബറ്റാലിയന്‍റെയും ക്രമസമാധാനത്തിന്‍റെയും ചുമതലയായിരുന്നു അജിത് കുമാര്‍ വഹിച്ചിരുന്നത്. ഇതിൽ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുക മാത്രമാണ് ചെയ്തത്. സ്ഥലം മാറ്റം എന്ന് പറയുമ്പോഴും ബറ്റാലിയൻ ചുമതല നേരത്തെ തന്നെ അജിത് കുമാര്‍ വഹിച്ചിരുന്ന ചുമതലയാണ്. അജിത് കുമാർ കൈവശം വച്ചിരിരുന്നു ഒരു വകുപ്പ് മാത്രം മാറ്റിയെന്ന അഡ്ജെസ്മെന്‍റ് നടപടിയിൽ ഒതുങ്ങിയെന്നാണ് ആരോപണം. സ്ഥാനകയറ്റത്തിന് മാസങ്ങൾ മാത്രമുള്ള എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതല തൽക്കാലം നൽകി തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത് കുമാറിനെ പൂര്‍ണമായും കൈവിടാതെയാണ് ഒരു ചുമതല മാത്രം മാറ്റികൊണ്ടുള്ള നടപടി.

നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് രാത്രിയോടെ നടപടിയെടുത്തുകൊണ്ട് ഉത്തരവിറങ്ങിയത്. രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയേറ്റിലെത്തി മടങ്ങിയിരുന്നു.എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം ഡിജിപിയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ആർ എസ് എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണവും ഡിജിപി റിപ്പോര്‍ട്ടിൽ തള്ളി.

പിവി അൻവർ ആരോപിച്ച റിദാൻ, മാമി കേസുകളിൽ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. റിദാൻ കേസിൻ്റെ അന്തിമ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തിൽ അന്വേഷണ വീഴ്ചയുണ്ടായെന്നുമാണ് റിപ്പോർട്ടിലുളളത്. ഈ രണ്ട് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോർട്ടിലുളള തന്റെ കണ്ടെത്തലുകൾ ധരിപ്പിക്കും.

എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയർത്തിയത്. പലതരം അന്വേഷണം നടക്കുന്നതിനിടെ ആർഎസ്എസ് കൂടിക്കാഴ്ചയിലും അൻവറിൻറെ പരാതികളിലുമാണ് ഇന്ന് ഡിജിപി റിപ്പോർട്ട് നൽകിയത്. ഇതിൽ അജിത് കുമാറിന് വിനയായത് ആർഎസ്എസ് കൂടിക്കാഴ്ചയാണ്. വൻ വിവാദങ്ങൾക്കിടെയാണ് ഒടുവിൽ എഡിജിപിക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments