ലാസ് വെഗാസ്/ന്യൂയോർക്ക്:
മേരിലാൻഡിൽ മുൻ കാമുകന്റെ അപ്പാർട്ട്മെന്റിൽ പുതുവത്സരാഘോഷത്തിനു ശേഷം കാണാതായ 27കാരിയായ ഇന്ത്യൻ യുവതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
എല്ലിക്കോട്ട് സിറ്റിയിൽ നിന്നുള്ള ഡാറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റായ നികിത ഗോഡിഷാലയാണ് കൊല്ലപ്പെട്ടതെന്ന് ഹോവാർഡ് കൗണ്ടി പോലീസ് പറഞ്ഞു. നികിതയുടെ മുൻ കാമുകൻ അർജുൻ ശർമ്മയുടെ (26) ഉടമസ്ഥതയിലുള്ള ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അർജുൻ ശർമ്മക്കെതിരെ ഫസ്റ്റ് ഡിഗ്രി, സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ജനുവരി 2 ന് നികിതയെ കാണാതായതായി അർജുൻ പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഡിസംബർ 31 ന് തന്റെ അപ്പാർട്ട്മെന്റിൽ വെച്ചാണ് താൻ അവസാനമായി നികിതയെ കണ്ടതെന്നും അർജുൻ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജനുവരി 3 ന് അതേ അപ്പാർട്ട്മെന്റിൽ നടത്തിയ തിരച്ചിലിലാണ് നികിതയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നികിതയെ കാണാതായതായി റിപ്പോർട്ട് ചെയ്ത അതേ ദിവസം തന്നെ അർജുൻ രാജ്യം വിട്ടതായി പോലീസ് പറഞ്ഞു. അർജുൻ തന്നെയാണ് നികിതയെ കൊന്നതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. അർജുനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഹൊവാർഡ് കൗണ്ടി പോലീസ് പറഞ്ഞു.

