വാഷിങ്ടൺ : ഇന്ത്യക്കെതിരായ തീരുവ വീണ്ടും ഉയർത്തുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണനയത്തിൽ യു.എസിനൊപ്പം നിന്നില്ലെന്ന് ആരോപിച്ചാണ് തീരുവ ഏർപ്പെടുത്തുമെന്ന സൂചന നൽകിയത്. മോദി നല്ലൊരു വ്യക്തിയാണ്. എന്നാൽ, താൻ സന്തോഷവാനല്ലെന്ന് മോദിക്കറിയാം. എന്നെ സന്തോഷവാനാക്കേണ്ടത് അത്യാവശ്യമാണെന്ന് ട്രംപ് പറഞ്ഞു.
റഷ്യൻ എണ്ണ പ്രശ്നത്തിൽ സഹായിച്ചില്ലെങ്കിൽ ഇന്ത്യക്കുമേലുള്ള തീരുവ ഉയർത്തുമെന്ന് ട്രംപിന്റെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ഉറപ്പ് മോദി തനിക്ക് നൽകിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, അത്തരത്തിൽ യാതൊരു ഉറപ്പും ട്രംപിന് നൽകിയിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
ഇന്ത്യ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം വ്യാപാര തീരുവ സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്നിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം തീരുവ ചുമത്തിയത്. സെപ്റ്റംബർ ഏഴിന് ചുമത്തിയ 25 ശതമാനം പകരത്തീരുവക്ക് പുറമേയാണിത്. ഇതോടെയാണ്, ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള മൊത്തം തീരുവ 50 ശതമാനമായി ഉയർന്നത്.

