തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ. ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള തീരുമാനത്തിലാണ് ബാർ കൗൺസിൽ. അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം. അടുത്ത ബാർ കൗൺസിലിൽ തീരുമാനമെടുക്കും. ബാർ കൗൺസിൽ അച്ചടക്ക സമിതിയോട് തുടർനടപടിക്ക് നിർദ്ദേശിക്കും. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത് അതീവ ഗുരുതരമാണെന്നും ആന്റണി രാജുവിന്റെ നടപടി നാണക്കേട് എന്ന് ബാർ കൗൺസിൽ പ്രസിഡന്റ് ടി എസ് അജിത് പ്രതികരിച്ചു.
ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിലാണ് മുൻ മന്ത്രിയും എംഎൽഎയുമായ ആൻറണി രാജുവിന് തടവും പിഴയും വിധിച്ചത്. കൂട്ടുപ്രതിയായ മുൻ തൊണ്ടി ക്ലർക്ക് ജോസിനും ഉദ്യോഗസ്ഥ വഞ്ചനക്ക് ഒരു വർഷം അധിക തടവും നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. തൊണ്ടിമുതൽ അട്ടിമറി കേസിൽ കുറ്റപത്രം നൽകി 19 വർഷങ്ങള്‍ക്ക് ശേഷമാണ് എൽഡിഎഫ് നേതാവ് പ്രതിയായ കേസിൽവിധി വരുന്നത്. കോടതിവിധിയോടെ ആൻറണി രാജു അയോഗ്യനായി.
അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ആൻറണി രാജുവിനെയും കോടതി ക്ലർക്ക് ജോസിനെയും കോടതി ശിക്ഷിച്ചത്. 1990 ഏപ്രില്‍ 4നായിരുന്നു പിടിയിലായത്. നീതിന്യായ വ്യവസ്ഥയിലെ അത്യപൂർവ്വ കേസിൻെറ വിധിയാണ് 19 വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് ഒന്നാം മജിസട്രേറ്റ് കോടതിയിൽ നിന്നും ഉണ്ടായത്. 10 വർഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആൻറണി രാജു തൊണ്ടി ക്ലർക്കിൻെറ സഹായത്തോടെ കോടതിയിൽ നിന്നു പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയിൽ വയ്ക്കുകയായിരുന്നു.

