വാഷിങ്ടൺ : വെനസ്വേലക്ക് പിന്നാലെ കൊളംബിയയെ ആക്രമിക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് ഇപ്പോൾ കൊളംബിയ ഭരിക്കുന്നത്. ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ല.കൊളംബിയയെ ആക്രമിക്കാനുള്ള നല്ല സമയമാണ് ഇതെന്ന് താൻ കരുതുന്നുവെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. യു.എസിലേക്ക് കൊക്കെയ്ൻ വ്യാപകമായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് കൊളംബിയയെന്ന് ട്രംപ് ആരോപിച്ചു.
നേരത്തെ വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ലെന്ന് അറിയിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ രംഗത്തെത്തിയിരുന്നു. വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ തങ്ങൾക്ക് ആഗ്രഹമില്ല. എന്നാൽ, നയപരമായ മാറ്റങ്ങൾ വരുത്താൻ വെനസ്വേലക്കുമേൽ സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം യു.എസ് ആക്രമിക്കാൻ മുതിർന്നാൽ ആയുധമെടുക്കാൻ മടിക്കില്ലെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. സമൂഹമാധ്യമ പോസ്റ്റിലാണ് പെട്രോ നിലപാട് വ്യക്തമാക്കിയത്. വെനസ്വേലയിൽ നടത്തിയത് പോലൊരു ആക്രമണം കൊളംബിയയിൽ ഉണ്ടായാൽ അതിന് ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് പെട്രോ വ്യക്തമാക്കി. ഒരിക്കൽ കൂടി ആയുധമെടുക്കില്ലെന്നത് ഞാൻ എടുത്ത പ്രതിജ്ഞയായിരുന്നു. എന്നാൽ, മാതൃരാജ്യത്തിന് വേണ്ടി ആയുധമെടുക്കാൻ എനിക്കൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു

