പ്രിട്ടോറിയ : ജോഹാനസ്ബർഗിന് സമീപം ബെക്കേഴ്സ്ഡാലിൽ അഞ്ജാത സംഘം നടത്തിയ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടന്ന രണ്ടാമത്തെ കൂട്ട വെടിവയ്പാണിത്. ജോഹാനസ്ബർഗ് നഗരത്തിന് 40 കിലോമീറ്റർ അകലെയാണ് സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞതായി എഎഫ്പി റി്പോർട്ട് ചെയ്തു.
ദക്ഷിണാഫ്രിക്കയിലെ പ്രധാന സ്വർണ ഖനികൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ബെക്കേഴ്സ്ഡാൽ. ഇവിടത്തെ ഒരു മദ്യശാലയ്ക്കു സമീപമാണ് വെടിവയ്പ്പ് നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഡിസംബർ 6ന് തലസ്ഥാനമായ പ്രിട്ടോറിയയ്ക്കു സമീപമുള്ള ഒരു ഹോസ്റ്റലിൽ തോക്കുധാരികൾ അതിക്രമിച്ചു കയറി മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ 12 പേരെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. 6.3 കോടി ആളുകൾ താമസിക്കുന്ന ദക്ഷിണാഫ്രിക്കയിലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന കൊലപാതകങ്ങൾ നടക്കുന്നത്. ഉയർന്ന കുറ്റകൃത്യ നിരക്കിന്റെ കാര്യത്തിലും കുപ്രസിദ്ധമാണ് ദക്ഷിണാഫ്രിക്ക.

