ഡമാസ്കസ്: തെക്കൻ സിറിയയിലെ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത് യുഎസ് സേനയ്ക്ക് ജോർദാൻ്റെ പിന്തുണയും ലഭിച്ചിരുന്നു. ജോർദാൻ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം സിറിയൻ സർക്കാരിന്റെ പിന്തുണയോടെയെന്ന് നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ജോർദാൻ്റെ പങ്കും പുറത്തുവരുന്നത്.
ഡിസംബർ 13-ന് സിറിയയിലെ പാൽമിറയിൽ ഐഎസ് നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു പരിഭാഷകനും കൊല്ലപ്പെട്ടതിനെത്തുടർന്നാണ് യുഎസ് ഈ സൈനിക നീക്കം നടത്തിയത്. ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയിരുന്നു നടപടി. ഓപ്പറേഷൻ ഹോക്ക്ഐ സ്ട്രൈക്ക് എന്ന പേരിലായിരുന്നു ആക്രമണം. എഫ്-15 ഈഗിൾ, എ-10 തണ്ടർബോൾട്ട് യുദ്ധവിമാനങ്ങൾ, അപാച്ചെ ഹെലികോപ്റ്ററുകൾ, ഹിമാർസ് (HIMARS) മിസൈലുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ഐഎസിന്റെ 70 കേന്ദ്രങ്ങളിൽ നടത്തിയ വ്യോമ–കരയാക്രമണങ്ങളിൽ ഒട്ടേറെ ശത്രുക്കളെ വധിച്ചെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് അറിയിച്ചു. ഐഎസിനെതിരായ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസിന്റെ ആയുധപ്പുരകളും കമാൻഡ് സെന്ററുകളും തകർത്തതായും നിരവധി ഭീകരരെ വധിച്ചതായും പെന്റഗൺ അറിയിച്ചു. ഒരു മുതിർന്ന ഐഎസ് നേതാവ് ഉൾപ്പെടെ അഞ്ച് ഭീകരർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

