തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ വൈറലായ പാരഡിഗാനം പോറ്റിയേ കേറ്റിയെ പാട്ടിൽ കേസ് പിൻവലിക്കാൻ സർക്കാർ. ജില്ല പൊലീസ് മേധാവിമാർക്കാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ തോൽവിക്ക് ഈ പാട്ട് വലിയ തോതിൽ വെല്ലുവിളിയായി എന്നാണ് സർക്കാർ വിലയിരുത്തൽ. വലിയ തോതിൽ തന്നെ സമൂഹമാധ്യമങ്ങളിൽ ഈ പാട്ട് വൈറലായിരുന്നു. പാട്ട് നീക്കം ചെയ്താൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളിയാണെന്ന് പോലീസിന്റെ ഭാഗത്തുനിന്നും മറ്റ് പല കോണുകളിൽ നിന്നും അഭിപ്രായങ്ങൾ വന്നിരുന്നു . ഇങ്ങനെയുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ് വേണ്ട എന്ന് സർക്കാർ തീരുമാനം. സമൂഹമാധ്യമങ്ങളിൽ നിന്നും പാട്ട് ഇനി നീക്കം ചെയ്യില്ല. നിലവിൽ ഈ പാട്ടിന് കേസ് വന്നപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ നിന്ന് വൻതോതിൽ ഗാനം നീക്കം ചെയ്യപ്പെട്ടിരുന്നു
പുതിയ കേസുകൾ ഒന്നും വേണ്ട എന്നും എടുത്ത കേസിൽ മെല്ലെ പോക്ക് എന്ന രീതിയിലേക്ക് പോകാൻ ആണ് സാധ്യത. പുതിയ കേസുകൾ ഒന്നും വേണ്ട എന്ന് ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശവും നൽകി.
നേരത്തെ പോറ്റിയേ കേറ്റിയേ’ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകിയിരുന്നു. പാട്ട് നീക്കണം എന്ന പൊലീസ് നിർദേശത്തിനെതിരെയാണ് ആയിരുന്നു വിഡി സതീശൻ്റെ കത്ത്. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. പാട്ട് നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ, യുട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്റെ മൊഴി സൈബർ പൊലീസ് നാളെ രേഖപ്പെടുത്തുകയും ചെയ്യുമെന്നാണ് വിവരങ്ങൾ. അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് പാട്ടിന്റെ അണിയറക്കാർ പറയുന്നത്.

