നോർത്ത് കരോലിന : യുഎസിലെ നോർത്ത് കരോലിനയിൽ ചെറു വിമാനം തകർന്നുവീണ് നാസ്കാർ മുൻ ഡ്രൈവർ 55 കാരനായ ഗ്രെഗ് ബിഫിളും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. നോർത്ത് കരോലിന വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സ്വകാര്യ ജെറ്റ് തകർന്നുവീണ് ഏഴുപേർ മരിച്ചത്. ഗ്രെഗ് ബിഫിൽ, ഭാര്യ, രണ്ട് കുട്ടികൾ എന്നിവരുൾപ്പെടെ അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അധികൃതർ പറഞ്ഞു. ഫ്ലോറിഡയിലെ സരസോട്ടയിലേക്ക് പോകുകയായിരുന്നു വിമാനം.
നോർത്ത് കരോലിനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ഷാർലറ്റിൽ നിന്ന് ഏകദേശം 45 മൈൽ (72 കിലോമീറ്റർ) വടക്കുള്ള സ്റ്റേറ്റ്‌സ്‌വില്ലെ റീജിയണൽ വിമാനത്താവളത്തിലായിരുന്നു ദാരുണ സംഭവം. സെസ്‌ന സി 550 വിമാനം തകർന്നുവീണതിന് പിന്നാലെ തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനം രജിസ്റ്റർ ചെയ്തിരുന്നത് ബിഫിളുമായി ബന്ധമുള്ള ഒരു കമ്പനിയുടെ പേരിലാണ്.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചിതറിക്കിടക്കുന്ന വിമാന അവശിഷ്ടങ്ങളിൽ നിന്നും തീജ്വാലകൾ ഉയരുന്നതും രക്ഷാപ്രവർത്തകർ റൺവേയിലേക്ക് ഓടുന്നതും പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോകളിലുണ്ട്.

