ന്യൂഡല്‍ഹി : ആശയ വിനിമയ ഉപകരണങ്ങള്‍ വ്യാപകമായി പൊട്ടിത്തെറിച്ച് ലെബനനില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തങ്ങളുടെ വിമാനങ്ങളില്‍ പേജറുകളും വോക്കി-ടോക്കികളും കൊണ്ടുപോകുന്നത് നിരോധിച്ചു.
ദുബായിലേയ്ക്കോ പുറത്തേക്കോ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ചെക്ക്ഡ് അല്ലെങ്കില്‍ ക്യാബിന്‍ ബാഗേജുകളില്‍ പേജറുകളും വോക്കി-ടോക്കികളും കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. മാത്രമല്ല, കര്‍ശനമായ സുരക്ഷാ നടപടികളുടെ ഭാഗമായി ദുബൈ പൊലീസ് കണ്ടെത്തുന്ന നിരോധിത വസ്തുക്കള്‍ കണ്ടുകെട്ടുമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാഖിലേക്കും ഇറാനിലേക്കുമുള്ള വിമാനങ്ങള്‍ ഒക്ടോബര്‍ 15 വരെ നിര്‍ത്തിവയ്ക്കുമെന്നും ജോര്‍ദാനിലേക്കുള്ള സര്‍വീസുകള്‍ ഞായറാഴ്ച പുനരാരംഭിക്കുമെന്നും മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ എയര്‍ലൈനായ എമിറേറ്റ്‌സ് അറിയിച്ചു.
സെപ്തംബറില്‍ ലെബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരായി വ്യാപകമായി നടന്ന ഭീകരാക്രമണത്തില്‍, ആയിരക്കണക്കിന് പേജറുകളും നൂറുകണക്കിന് വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചു. ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ടെങ്കിലും ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.