ന്യൂഡല്‍ഹി:ഹരിയാന നിയസഭയിലേക്കുള്ള വോട്ടിങ് പൂർത്തിയായ ഉടൻ തന്നെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു.ഹരിയാനയിലും ജമ്മു കശ്മീരിലും കോൺഗ്രസ് മുന്നേറ്റമെന്ന് എക്സിറ്റ് പോളുകൾ. ഇരുസംസ്ഥാനങ്ങളിലും ബി.ജെപിക്ക് എതിരാണ് ജനവിധിയെന്നാണ് നിലവിൽ പുറത്തുവന്ന എക്സിറ്റ് പോളുകൾ പറയുന്നത്. ജമ്മു കശ്മീരിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യത്തിന് കേവല ഭൂരിപക്ഷമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. ഹരിയാനയിൽ 10 വർഷത്തിന് ശേഷം കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.
ഹരിയാനയിൽ ഭരണം നിലനിർത്താനായി ബിജെപി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. യുവജന പ്രതിഷേധവും കർഷകരോഷവുമാണ് ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നത്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ശക്തമായ പ്രചാരണം നടത്തിയത് വോട്ടെടുപ്പിനെ സ്വാധീനിച്ചോയെന്ന് എക്സിറ്റ് പോളിൽ സൂചന ലഭിക്കും.
63 ശതമാനം വോട്ടാണ് ഹരിയാനയിൽ പോൾ ചെയ്തത്. ബി.ജെ.പി., കോണ്‍ഗ്രസ്, ഐ.എല്‍.എല്‍.ഡി.-ബി.എസ്.പി. സഖ്യം ജെ.ജെ.പി.-ആസാദ് സമാജ് പാര്‍ട്ടി സഖ്യം, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന രാഷ്ട്രീയകക്ഷികളും സഖ്യങ്ങളും. മുഖ്യമന്ത്രി നയാബ് സിങ് സൈനി, ബി.ജെ.പി. നേതാക്കളായ അനില്‍ വിജ്, ഒ.പി. ധന്‍കര്‍, കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ സിങ് ഹൂഡ, വിനേഷ് ഫോഗട്ട്, ഐ.എന്‍.എല്‍.ഡിയുടെ അഭയ് സിങ് ചൗട്ടാല, ജെ.ജെ.പിയുടെ ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.