യുകെയില്‍ ഗര്‍ഭിണിയായ മലയാളി യുവതിയെ കാറിടിച്ച് ഗുരുതര പരുക്കേല്‍ക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തില്‍ ആറുപേര്‍ പിടിയില്‍. സെപ്റ്റംബര്‍ 29 ഞായറാഴ്ച രാത്രി 8 മണിയോടെ ബാംബര്‍ ബ്രിഡ്ജിലെ ലോംഗ്ബ്രൂക്ക് അവന്യൂ, ഫോര്‍ഫീല്‍ഡ് ജംഗ്ഷനോട് ചേര്‍ന്നുള്ള സ്റ്റേഷന്‍ റോഡിലാണ് അപകടം നടന്നത്. സീബ്ര ക്രോസിംഗിലൂടെ നടന്ന വയനാട് സ്വദേശിയായ യുവതിയെ വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് ലങ്കാഷയര്‍ പൊലീസ് പറഞ്ഞു. കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.
സാരമായ പരിക്കുകളോടെ 30 വയസുകാരിയെ ആശുപത്രിയിലെത്തിച്ചു. ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. യുവതി ചികിത്സയില്‍ തുടരുകയാണ്. സീബ്ര ക്രോസിങില്‍ നിന്ന് 30 അടി അകലെയായി ബോധരഹിതയായ നിലയിലാണ് യുവതി കിടന്നതെന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു.