ന്യൂയോർക്ക്: അധിനിവേശ വെസ്റ്റ് ബാങ്കിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ യുഎസ്- ടർക്കിഷ് പൗരയായ യുവതി വെടിയേറ്റ് മരിച്ചു. 26കാരിയായ ഐസിനൂർ ഈജിക്ക് നേരെ ഇസ്രായേൽ സൈന്യമാണ് വെടിയുതിർത്തത്. ബെയ്ത പട്ടണത്തിൽ അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു ഈജി. സംഭവം പരിശോധിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. മരണം യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെൻ്റ് സ്ഥിരീകരിച്ചു.
മരണത്തിന് കാരണം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാരാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് നെതന്യാഹുവിൻ്റെ ഓഫീസിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മരണത്തിൽ തങ്ങൾ അസ്വസ്ഥരാണെന്ന് വൈറ്റ് ഹൗസിൻ്റെ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് സീൻ സാവെറ്റ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇസ്രായേൽ സർക്കാരിനോട് ചോദിച്ചിട്ടുണ്ടെന്ന് സാവെറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ഒക്‌ടോബർ 7ന് ശേഷം വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ട മൂന്നാമത്തെ അമേരിക്കൻ പൗരനാണ് ഈജിയെന്ന് യുഎസ് സെനറ്റർ ക്രിസ് വാൻ ഹോളൻ പറഞ്ഞു.