പത്തനംതിട്ട: ശബരിമല വിവാദം ശക്തമായ പ്രചരണവിഷയമായ പന്തളം നഗരസഭയിൽ ബിജെപിക്ക് ഭരണം നഷ്ടമായി. മൂന്നാം സ്ഥാനത്താണ് ബിജെപി. എൽഡിഎഫിനാണ് നഗരസഭ ഭരണം. തെക്കൻ കേരളത്തിൽ ഭരണമുണ്ടായിരുന്ന ഏക നഗരസഭ നഷ്ടപ്പെട്ടത് ബിജെപിക്ക് ക്ഷീണമായി.
34 സീറ്റുള്ള പന്തളം നഗരസഭയിൽ 14 സീറ്റുകളാണ് എൽഡിഎഫിന് നേടിയത്. സീറ്റെണ്ണത്തിൽ യുഡിഎഫ് ആണ് രണ്ടാമത്. രണ്ടാമതുള്ള യുഡിഎഫിന് 11 സീറ്റുകളുണ്ട്. കഴിഞ്ഞ തവണ ഭരിച്ച എൻഡിഎക്ക് ഇത്തവണ രണ്ടക്കം കടക്കാനായില്ല. 9 സീറ്റുകളാണ് എൻഡിഎക്ക് നേടാനായത്. ജില്ലയിൽ എൽഡിഎഫിന് ലഭിച്ച ഏക മുനിസിപ്പാലിറ്റിയാണ് പന്തളം. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ഒരു മുനിസിപ്പാലിറ്റിയിലും എൽഡിഎഫിന് ഭരണം നേടാൻ സാധിച്ചിരുന്നില്ല.
2020ൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയ രണ്ടാമത്തെ നഗരസഭയായിരുന്നു പന്തളം. 18 സീറ്റുകളിൽ വിജയിച്ചാണ് 2020-ൽ ബിജെപി ഭരണം പിടിച്ചത്. എൽഡിഎഫ് ഒൻപതുസീറ്റിലും യുഡിഎഫ് അഞ്ച് സീറ്റിലും ഒതുങ്ങി. എന്നാൽ, അഞ്ചുവർഷത്തിനിപ്പുറം തെക്കൻ കേരളത്തിൽ അധികാരത്തിലിരുന്ന ഏക നഗരസഭയും ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്.

