കൊൽക്കത്ത : മെസ്സിയെ ആഘോഷിക്കാൻ കാത്തിരുന്ന നഗരം അലങ്കോലമാകുന്ന കാഴ്ചയാണ് ശനിയാഴ്ച കൊൽക്കത്തയിൽ കണ്ടത്. ഫുട്ബോൾ ഇതിഹാസത്തെ ഒരുനോക്ക് കാണാൻ ഇരച്ചെത്തിയവർക്ക് നിരാശയായിരുന്നു ഫലം. വൻ തുക മുടക്കി ടിക്കറ്റ് എടുത്തവർക്ക് ‘ഒരു മിന്നായം പോലെ’ പോലും മെസ്സിയെ കാണാൻ സാധിച്ചില്ല. . അതോടെ കൊൽക്കത്തയിലെ സോൾട്ട് ലേക്കിലുള്ള വിവൈബികെ സ്റ്റേഡിയം അതുവരെ കാണാത്ത കാഴ്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്. സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന രണ്ടു മണിക്കൂർ പരിപാടി അരമണിക്കൂർ പോലും നടത്താതെ അവസാനിപ്പിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാൻ, ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി എന്നിവരെ ഇവിടെവച്ച് മെസ്സി നേരിൽ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
ആഘോഷങ്ങൾ അലങ്കോലമായതിന്റെ സംഭവവികാസം ഇങ്ങനെ∙ ഇന്ത്യൻമണ്ണിൽ ഫുട്ബോൾ ഇതിഹാസം‘ഗോട്ട് ഇന്ത്യ ടൂർ 2025’ന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മെസ്സി കൊൽക്കത്തയിലെത്തിയത്. ഇന്റർ മയാമിയിൽ മെസ്സിയുടെ സഹതാരങ്ങളായ യുറഗ്വായ് താരം ലൂയി സ്വാരെസ്, അർജന്റീന താരം റോഡ്രിഗോ ഡി പോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. മെസ്സി കൊൽക്കത്തയിൽ കാൽകുത്തിയ നിമിഷം മുതൽ ആരാധകർ ആവേശത്തിലായിരുന്നു. നൂറുകണക്കിന് ആരാധകർ മെസ്സിയെ സ്വീകരിക്കാൻ അർധരാത്രി കഴിഞ്ഞും കൊൽക്കത്തയിലെ തെരുവുകളിൽ തടിച്ചുകൂടി. മെസ്സി താമസിച്ചിരുന്ന ഹയാത്ത് റീജൻസി ഹോട്ടലിനു ചുറ്റും ആരാധകരുടെ കൂട്ടമായിരുന്നു.
ലേക് ടൗണിലെ ശ്രീഭൂമിയിൽ 70 അടി ഉയരമുള്ള സ്വന്തം പ്രതിമ ശനിയാഴ്ച രാവിലെ പത്തു മണിയോടെ മെസ്സി അനാഛാദനം ചെയ്തു. മെസ്സി നേരിട്ടെത്തി ചടങ്ങു നിർവഹിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയ പൊലീസ് ഇതു നേരത്തെ തന്നെ തടഞ്ഞിരുന്നു. ഹോട്ടൽമുറിയിൽനിന്ന് വെർച്വലായാണ് താരം അനാവരണച്ചടങ്ങ് നിർവഹിച്ചത്. ഇതിനു ശേഷം ഹോട്ടലിൽ വച്ചു തന്നെ സൂപ്പർ താരം ഷാറൂഖ് ഖാൻ, മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് (എംബിഎസ്ജി) ഉടമ സഞ്ജീവ് ഗോയങ്ക എന്നിവരെ മെസ്സി. ഫോട്ടോ സെഷനുകളും ഇവിടെ വച്ചു നടത്തി.
സോൾട്ട് ലേക്കിൽ മെസ്സി കൊൽക്കത്തയിലെ പ്രശസ്തമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ 11.15നാണ് മെസ്സി എത്തിയത്. പതിനായിരക്കണക്കിന് ആരാധകരാണ് താരത്തെ കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. ഷാരൂഖ്, സൗരവ് ഗാംഗുലി, മുഖ്യമന്ത്രി മമത ബാനർജി എന്നിവരെ ഇവിടെ വച്ച് മെസ്സി കാണുന്നതിനു മുൻപ് ഗ്രൗണ്ടിൽ ഒരു തവണ വലം വയ്ക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ പെട്ടെന്നു വഷളാകുകായിരുന്നു.
മെസ്സി ‘അവിടെ എവിടെയോ ഉണ്ട്. ’25,000 രൂപ വരെ ടിക്കറ്റിനു മുടക്കിയാണ് ആരാധകർ സ്റ്റേഡിയത്തിൽ കയറിയത്. എന്നാൽ ഗ്രൗണ്ടിൽ നിന്ന മെസ്സിയെ ഒരു നോക്കു കാണാൻ പോലും പലർക്കും സാധിച്ചില്ല. സ്റ്റേഡിയത്തിലെത്തിയ മെസ്സിയെ ചില വിശിഷ്ട വ്യക്തികളും രാഷ്ട്രീയക്കാരും വളയുകയായിരുന്നു. ഇതോടെ ഗാലറിയിലിരുന്ന ആരാധകർ രോഷാകുലരായി. ഇവർ സുരക്ഷാ ഉദ്യോഗസ്ഥരോട് കയർക്കുകയും കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക്് വലിച്ചെറിയുകയും ചെയ്തു. ചിലർ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങുകയും ചെയ്തു.
കാര്യങ്ങൾ പന്തിയല്ലെന്നു കണ്ടതോടെ മെസ്സിയെ വളരെ പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്റ്റേഡിയത്തിനു പുറത്തേയ്ക്കു കൊണ്ടുപോയി. രണ്ടു മണിക്കൂർ പരിപാടിക്ക് സ്റ്റേഡിയത്തിലെത്തി മെസ്സി, വെറും 20 മിനിറ്റാണ് അവിടെ ചെലവഴിച്ചത്. ഷാറൂഖ്, ഗാംഗുലി, മമത എന്നിവരെ കണ്ടുമില്ല.
ഇതോടെ പരിപാടിയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് തുക മുടക്കിയ ആരാധകർ നിരാശരായി. സ്റ്റാൻഡുകളിൽ നിന്ന് ആരാധകർ കസേരകളും കുപ്പികളും എറിഞ്ഞു. സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
മമതയുടെ മാപ്പ്: സംഭവത്തിൽ മെസ്സിയോടും ആരാധകരോടും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി മാപ്പ് പറഞ്ഞു. പരിപാടി സംഘടിപ്പിച്ചവരും കെടുകാര്യസ്ഥതയാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായും മമത പറഞ്ഞു. സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി കഴിഞ്ഞു.
∙ സംഘാടകൻ അറസ്റ്റിൽ – സംഭവത്തിനു പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനെ അറസ്റ്റ് ചെയ്തതായി കൊൽക്കത്ത പൊലീസ് അറിയിച്ചു. ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി’ന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ശതാദ്രു ദത്തയെ അറസ്റ്റ് ചെയ്തതായും കേസ് റജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
മൂന്നു ദിവസത്തെ സന്ദർശത്തിനായി ഇന്ത്യയിലെത്തിയ മെസ്സിക്ക്, ഇനി ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് പരിപാടികൾ, ശനിയാഴ്ച വൈകിട്ടാണ് ഹൈദരാബാദിലെ പരിപാടി. ആദ്യ നഗരത്തിലെ പരിപാടികൾ അലങ്കോലമായതോടെ ബാക്കി പരിപാടികളുടെ ആസൂത്രണം എങ്ങനെയാകുമെന്ന് കണ്ടറിയണം.

