വാഷിങ്ടണ്‍: എണ്ണ യുദ്ധത്തിന് പിന്നാലെ അരിക്കും കയറ്റുമതി താരിഫ് ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യന്‍ അരിയുള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. കാര്‍ഷിക ഇറക്കുമതിയെ സംബന്ധിച്ചുള്ള അമേരിക്കന്‍ കര്‍ഷകരുടെ ആശങ്കകളുമായി ബന്ധപ്പെട്ടായിരുന്നു ട്രംപിന്റെ പ്രതികരണം.
വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു അമേരിക്കന്‍ കര്‍ഷകരെ പിന്തുണച്ചുള്ള പ്രസ്താവന ട്രംപ് നടത്തിയത്. അമേരിക്കയിലെ ഇന്ത്യന്‍ അരിയുടെ നിക്ഷേപത്തെ താന്‍ ശ്രദ്ധിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നും വില കുറഞ്ഞ അരി ലഭ്യമാക്കുന്നത് പണപ്പെരുപ്പവും മുന്‍കാല വ്യാപാര പ്രവര്‍ത്തനങ്ങളും ബാധിച്ച ഈ മേഖലയെ വീണ്ടും സമ്മര്‍ദത്തിലാക്കുകയാണെന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ആശങ്ക അറിയിച്ചിരുന്നു.
കര്‍ഷകര്‍ രാജ്യത്തിന്റെ സ്വത്താണെന്നും നട്ടെല്ലാണെന്നും ട്രംപ് വ്യക്തമാക്കി. ആരും ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ രാജ്യങ്ങള്‍ തങ്ങളെ മുതലെടുത്തെന്നും അമേരിക്കന്‍ ഉല്‍പ്പന്നങ്ങളെ സംരക്ഷിക്കാന്‍ താരിഫ് കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ഉല്‍പ്പാദനത്തെ പിന്തുണക്കുന്നതിന് വേണ്ടി കനേഡിയന്‍ വളങ്ങളെയും താരിഫില്‍ ലക്ഷ്യമിടാമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ക്ക് 12 ബില്യണ്‍ ഡോളറിന്റെ പുതിയ സഹായവും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

