ബ്രിട്ടണിലെ ചാൾസ് രാജാവ് സ്ഥാപിച്ച ദക്ഷിണേഷ്യ കേന്ദ്രീകരിച്ചുള്ള ചാരിറ്റി ട്രസ്റ്റായ ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവായി ബ്രിട്ടീഷ്- ഇന്ത്യൻ ജീവകാരുണ്യ വിദഗ്ധൻ ഹിതൻ മേത്തയെ നിയമിച്ചു. ദാരിദ്ര്യം, അസമത്വം, അനീതി എന്നിവയ്‌ക്കെതിരെ പോരാടുന്നതിനായുള്ള ട്രസ്റ്റാണിത്.സംഘടനയുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നതും മുമ്പ് അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ളതുമായ വ്യക്തിയാണ് ഹിതൻ മേത്ത. ചാരിറ്റി മേഖലയിലുടനീളം ട്രസ്റ്റിൻ്റെ സ്വാധീനം വ്യാപിപ്പിക്കുന്നത് തുടരവെയാണ് മേത്ത ഉന്നത സ്ഥാനത്തേക്ക് എത്തുന്നത്.ഒരു ദശാബ്ദക്കാലം സംഘടനയെ നയിച്ച റിച്ചാർഡ് ഹോക്‌സിന്റെ പിൻഗാമിയായാണ് മേത്ത ചുമതലയേൽക്കുന്ന് എന്നതും ശ്രദ്ധേയം.
ട്രസ്റ്റ് അതിന്റെ വ്യാപ്തിയും സ്വാധീനവും ഗണ്യമായി വികസിപ്പിച്ചതായും ദക്ഷിണേഷ്യയിലുടനീളമുള്ള 18 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ചതായും റിച്ചാർഡ് ഹോക്‌സിന്റെ ഭരണകാലത്തെ അടയാളപ്പെടുത്തുന്നു.15 വർഷത്തിലേറെയായി ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രവർത്തനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് മേത്ത. ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് കെട്ടിപ്പടുക്കുന്നതിൽ മേത്ത വലിയ പങ്കുവഹിച്ചിട്ടുണ്ട്. ട്രസ്റ്റ് സ്ഥാപിതമായ 2007 ൽ അതിന്റെ ആദ്യ ജീവനക്കാരനായിരുന്നു മേത്ത.ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി, ലണ്ടനിൽ താമസമാക്കിയ മേത്തയ്ക്ക് ബ്രിട്ടണിലെ ദക്ഷിണേഷ്യൻ സമൂഹത്തിന് നൽകിയ സേവനം പരിഗണിച്ച് 2023 ൽ ചാൾസ് മൂന്നാമൻ രാജാവിന്റെ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (OBE) അംഗീകാരം ലഭിച്ചിരുന്നു. മേത്ത ദി പ്രിൻസ് ചാരിറ്റീസ് ഇവന്റുകളുടെ പ്രവർത്തനങ്ങളുടെ തലവനായി സേവനമനുഷ്ഠിച്ചു, അവിടെ അദ്ദേഹം നിരവധി പ്രധാന ധനസമാഹരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്.

