ന്യൂഡൽഹി : ഇൻഡിഗോ വിമാന സേവനങ്ങളിൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധികൾക്ക് ഉത്തരവാദിയെന്നാരോപിച്ച് ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്‌സിനെ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്ന് റിപ്പോർട്ട്.
പൈലറ്റുമാരുടെ വിശ്രമ സമയത്തെക്കുറിച്ചുള്ള പുതിയ നിയമങ്ങൾ എയർലൈൻ കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്നും ഇത് പ്രതിസന്ധി ഇരട്ടിയാക്കിയെന്നും കേന്ദ്രം വിമർശിക്കുന്നുണ്ട്. ഇത് രാജ്യത്തുടനീളം കൂട്ട റദ്ദാക്കലുകൾക്കും പതിനായിരക്കണക്കിന് യാത്രക്കാരെ വലച്ചതിനും കാരണമായെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയ്‌ക്കെതിരെ അഭൂതപൂർവമായ നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം ഇന്ന് വൈകുന്നേരം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതോടെ സൂചന നൽകിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര വിപണി വിഹിതത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കൈവശം വച്ചിരിക്കുന്ന ഇൻഡിഗോയ്ക്ക് കനത്ത സാമ്പത്തിക പിഴ ചുമത്തുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വിമാനങ്ങൾ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യവ്യാപകമായി വലിയ ആശങ്കകളാണ് ഉയർന്നത്. ഇതോടെ, ഇൻഡിഗോയ്ക്ക് പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അത്തരത്തിലൊരു നീക്കം ഉണ്ടായാൽ ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനിനെതിരെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കഠിനമായ നടപടിയാകും.പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം ഉറപ്പാക്കുന്നതിനായി വ്യോമയാന റെഗുലേറ്റർ കൊണ്ടുവന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) നിയമങ്ങളാണ് ഇൻഡിഗോയെ വലച്ചത്.
പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും ക്ഷീണം കുറയ്ക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യയിൽ പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് കൊണ്ടുവന്നതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. നവംബർ ഒന്നുമുതലാണ് ഡ്യൂട്ടി ടൈം നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. അതിന് ശേഷം പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും എണ്ണത്തിൽ വലിയ കുറവ് നേരിടുകയാണ് ഇൻഡിഗോ. പൈലറ്റുമാരുടെ ഡ്യൂട്ടി ടൈം കുത്തനെ കുറയ്ക്കുകയും റെസ്റ്റ് റിക്വയർമെന്റ്സ് നിർബന്ധമാക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി. മറ്റ് വിമാനക്കമ്പനികളിലെ അവസാന നിമിഷ ബുക്കിംഗുകൾക്കായി അധിക പണം ചെലവഴിക്കുകയല്ലാതെ മറ്റ് മാർഗമില്ലാതെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. പലർക്കും അവരുടെ യാത്രാ പദ്ധതികൾ റദ്ദാക്കേണ്ടിവന്നു. ഇൻഡിഗോയ്ക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. മൂന്ന് ദിവസത്തിനുള്ളിൽ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനായി സർക്കാർ ഇപ്പോൾ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി( FDTL) ഉത്തരവ് താത്ക്കാലികമായി പിൻവലിച്ചിരിക്കുകയാണ്. പ്രതിസന്ധിയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

