തിരുവനന്തപുരം : സർക്കാർ ഓഫിസുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കുന്നത് സംബന്ധിച്ച് ചർച്ചചെയ്യാൻ സർക്കാർ വീണ്ടും യോഗം വിളിച്ചു. ഡിസംബർ അഞ്ചിന് വൈകുന്നേരം അഞ്ചിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേരുന്നത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇതു സംബന്ധിച്ച സർക്കാർ തലത്തിൽ ആലോചന നടന്നത്. അതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 11ന് പൊതുഭരണ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരാൻ നിശ്ചയിച്ചിരുന്നു. എന്നാൽ, യോഗം പിന്നീട് മാറ്റിവെച്ചു. അതാണ് വീണ്ടും ചേരുന്നത്.
ഞായറിന് പുറമെ ശനിയാഴ്ച കൂടി അവധി നൽകി, പകരം അഞ്ച് ദിവസത്തെ പ്രവൃത്തി സമയം കൂട്ടാനാണ് ആലോചന. ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ടിന്റെയും ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ടിന്റെയും ചുവടുപിടിച്ചാണ് നീക്കം. മുമ്പും സമാന ആലോചനകളുണ്ടായെങ്കിലും ചില നിബന്ധ നകളിൽ തട്ടി ചർച്ച വഴിമുട്ടി നീക്കം ഉപേക്ഷിച്ചിരുന്നു. രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കാനായിരുന്നു അന്നത്തെ ചർച്ച. ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയുമെന്ന ഉപാധി വെച്ചതോടെയാണ് സർവിസ് സംഘടനകൾ എതിർത്തത്. ഇതിൽനിന്ന് വ്യത്യസ്തമായി എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശിപാർശ. ഇക്കാര്യത്തിൽ സർവിസ് സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. സർക്കാർ ശിപാർശ എങ്ങിനെയാകുമെന്നതിൽ സംഘടനകൾക്കും അവ്യക്തതയുണ്ട്. ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ഓൺലൈനാകുന്ന സാഹചര്യത്തിൽ ഓഫിസ് സന്ദർശനം അനിവാര്യമല്ലെന്ന് ഇത്തരം ആലോചനകളെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഏഴ് മണിക്കൂറാണ് സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയം.
നഗരങ്ങളിൽ 10.15 മുതൽ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളിൽ 10 മുതൽ അഞ്ചുവരെയും. പ്രവൃത്തി ദിവസങ്ങളിൽ കാലത്തും വൈകീട്ടുമായി ഒന്നര മണിക്കൂർ കൂടി ദീർഘിപ്പിച്ചാൽ ഏഴര മണിക്കൂർ ലഭിക്കും.ശനിയാഴ്ചയിലെ അവധിക്ക് ഇത് പകരമാവും. അങ്ങനെയെങ്കിൽ നിലവിൽ 10.15ന് തുടങ്ങുന്ന ഓഫിസുകൾ 9.15നോ 9.30നോ ആക്കണം. വൈകുന്നേരം 5.15 എന്നത് 5.30 അല്ലെങ്കിൽ 5.45 ആക്കേണ്ടിവരും. സംസ്ഥാനത്തെ സ്കൂൾ സമയമടക്കം ഇക്കാര്യത്തിൽ പരിഗണിക്കണം. സർക്കാർ വാഹനങ്ങളുടെ ഓട്ടം, ഓഫിസ് ചെലവുകൾ, വൈദ്യുതി ഉപയോഗം, വെള്ളം എന്നീ കാര്യങ്ങൾ ലാഭിക്കാമെന്നതാണ് മറ്റൊരു കാര്യം.

