വാഷിംഗ്ടൺ: രാജ്യം വിടാൻ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയതോടെ രൂക്ഷഭാഷയിൽ മറുപടി പറഞ്ഞ് മഡുറോ. യുഎസ് സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനിടെ “ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല” എന്നാണ് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോടായി മഡുറോ പ്രതികരിച്ചത്.
അമേരിക്കയുടെ ആഴ്ചകളായി വർദ്ധിച്ചുവരുന്ന സൈനിക പ്രവർത്തനങ്ങൾക്ക് ശേഷം അണികൾ നിരന്ന മാർച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, യുഎസ് വെനിസ്വേലയെ “പരീക്ഷിക്കുന്നു” എന്നും ആരോപിച്ചു. ഇപ്പോൾ 22-ാം ആഴ്ചയിലേക്ക് കടന്നിരിക്കുന്ന യുഎസ് നാവിക വിന്യാസം ഉപയോഗിച്ച്, രാജ്യത്ത് ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേൽപ്പിക്കാനുള്ള യുഎസിൻ്റെ ഏതൊരു ശ്രമത്തെയും ചെറുക്കുമെന്നും മഡുറോ മുന്നറിയിപ്പ് നൽകി.
“ഞങ്ങൾക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! ഞങ്ങൾക്ക് ഒരു അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ വേണ്ട!” അദ്ദേഹം വെനിസ്വേലൻ ജനതയോട് പറഞ്ഞു.
കഴിഞ്ഞ മാസം ഒരു അപൂർവ ഫോൺ കോളിനിടെ മഡുറോയ്‌ക്ക് ട്രംപ് ‘കർശന നിർദേശം’ നൽകിയതായി മയാമി ഹെറാൾഡിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്‌തത്. ‘നിങ്ങൾക്കും ഭാര്യക്കും മകനും സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കാം. നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളെയും രക്ഷിക്കാം. ഉടനടി രാജിവയ്‌ക്കണം, രാജ്യം വിടണം.’ – മഡുറോയോട് ട്രംപ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. ഇത് ചർച്ചയായതോടെയാണ് മഡുറോ ട്രംപിന് മറുപടിയുമായി എത്തിയിരിക്കുന്നത്.
ഉടനടി സ്ഥാനമൊഴിയാൻ വിസമ്മതിച്ച മഡുറോ, നിയമനടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും രാഷ്ട്രീയ നിയന്ത്രണം വിട്ടുനൽകാമെങ്കിലും സായുധ സേനയുടെ നിയന്ത്രണം നിലനിർത്താൻ അനുവദിക്കണമെന്നതുൾപ്പെടെ ഏതാനും ആവശ്യങ്ങൾ ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, വൈറ്റ് ഹൗസ് ട്രംപ് മഡുറോയ്ക്ക് നൽകിയെന്ന് പറയപ്പെടുന്ന അന്ത്യശാസന റിപ്പോർട്ടുകൾ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ ട്രംപ് സൈനിക സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയൻ മേഖലയിൽ യുഎസ് നാവികസേനയുടെ വൻതോതിലുള്ള സന്നാഹം തുടരുകയാണ്. ഇതിനിടെ വ്യോമാതിർത്തി മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്. വെനിസ്വേലയെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു.
വെനസ്വേല ഭരണമാറ്റം ആഗ്രഹിക്കുന്നതായി യുഎസ് ആരോപിക്കുന്നു. എന്നാൽ, മഡുറോയെ അധികാരത്തിൽ നിന്ന് നീക്കാനും വെനസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള യുഎസിൻ്റെ ഭാഗമാണ് സൈനിക വിന്യാസമെന്ന് മഡുറോ സർക്കാർ തറപ്പിച്ചുപറയുന്നു.

