വാഷിങ്ടൻ : വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ലഹരികടത്ത് ആരോപിച്ച് വെനസ്വേലയ്ക്കെതിരെ സൈനികനടപടിയുണ്ടാകുമെന്ന ഭീഷണിക്കു പിന്നാലെയാണു വ്യോമമേഖല അടച്ചതായി കണക്കാക്കാൻ രാജ്യാന്തര വിമാനക്കമ്പനികളോട് ട്രംപ് ആവശ്യപ്പെട്ടത്.
സാധാരണനിലയിൽ അതതു രാജ്യം തന്നെയാണു വ്യോമമേഖല അടച്ചതായി പ്രഖ്യാപിക്കുക. ട്രംപിന്റെ പ്രസ്താവനയോട് വെനസ്വേല പ്രതികരിച്ചിട്ടില്ല. വെനസ്വേലയ്ക്കു മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്നു കഴിഞ്ഞയാഴ്ച അമേരിക്കൻ വിമാനക്കമ്പനികൾക്കു ട്രംപ് ഭരണകൂടം മുന്നറിയിപ്പു നൽകിയിരുന്നു. ഇതെത്തുടർന്ന് സർവീസ് നിർത്തിയ 6 പ്രമുഖ അമേരിക്കൻ വിമാനക്കമ്പനികളുടെ അംഗീകാരം വെനസ്വേല പിൻവലിക്കുകയും ചെയ്തു. വെനസ്വേല സർക്കാരിന്റെ പിന്തുണയോടെയാണ് യുഎസിലേക്ക് ലഹരികടത്ത് എന്നാണ് ട്രംപിന്റെ ആരോപണം. ഇത് വെനസ്വേല നിഷേധിച്ചിരുന്നു.

