Friday, December 5, 2025
HomeBreakingNewsഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കാൻ നിജോ പുത്തൻപുരക്കൽ

ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കാൻ നിജോ പുത്തൻപുരക്കൽ

വാഷിങ്ങ്ടൺ ഡി .സി: ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള (2026-2028) ഭരണസമിതിയിൽ വാഷിങ്ങ്ടൺ ഡി.സിയിലെ നിജോ പുത്തൻപുരക്കൽ നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി ലീലാ മാരേട്ടിന്റെ പാനലില്‍ മത്സരിക്കുന്നു.

വാഷിങ്ങ്ടൺ ഡി .സി യിലെയും മേരിലാൻഡിലെയും എല്ലാ മലയാളി അസോസിയേഷനുകളുടെയും സജീവ പ്രവർത്തകനും, മലയാളികൾക്കിടയിൽ ഏവർക്കും സുപരിചതന്നും പ്രിയങ്കരനുമായ യുവ നേതാവാണ് നിജോ പുത്തൻപുരക്കൽ. അമേരിക്കയിലെത്തി ചുരുങ്ങിയ കാലയളവിൽ തന്നെ തന്റെ നിഷ്കളങ്കവും സുതാര്യവുമായ ഇടപെടലിലൂടെ വിപുലമായൊരു സൗഹൃദവലയം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഫൊക്കാന വാഷിങ്ങ്ടൺ ഡി .സി റീജിയൻ മീഡിയ & പബ്ലിസിറ്റി കൺവീനർ,കൈരളി ഓഫ് ബാൾട്ടിമോർന്റെ(KOB) പബ്ലിക് റിലേഷൻസ് & സോഷ്യൽ മീഡിയ കമ്മിറ്റി അംഗം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൽ, വാഷിങ്ങ്ടൺ ഡി .സി ചാപ്റ്ററിന്റെ നാഷണൽ കമ്മിറ്റി അംഗം, പ്രവാസി മലയാളി ഫെഡറേഷൻ (PMF) നോർത്ത് അമേരിക്ക റീജിയൺ കമ്മ്യൂണിറ്റി ഫോറം ചെയർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

പഠന കാലയളവിൽ നാഷണൽ സർവീസ് സ്കീം ക്യാമ്പ് സംഘാടകൻ, YMCA യൂത്ത് കോർഡിനേറ്റർ എന്നി നിലയിൽ പ്രവർത്തിച്ച് സംഘടനാ രംഗത്തേക്ക് ചുവടുറപ്പിച്ച നിജോ പുത്തൻപുരക്കൽ പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായി സ്കൂൾ-കോളേജ് തലങ്ങളിൽ സംഘടന പ്രവർത്തനം നടത്തി നേതൃത്വ നിരയിൽ പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ്‌ തലവടി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, തലവടി YMCA ബോർഡ്‌ മെമ്പർ എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഒരു കടുത്ത അനുഭാവിയായ അദ്ദേഹം കോൺഗ്രസ് രാഷ്ട്രീയത്തിലെ പല ഉന്നത നേതാക്കന്മാരുമായി ഇപ്പോഴും വ്യക്തിബന്ധം അണമുറിയാതെ കാത്തുസൂക്ഷിക്കുന്നു.

കുട്ടനാട്ടുകാരൻ ആയ നിജോ തികഞ്ഞ വള്ളം കളി പ്രേമികൂടിയാണ്. തലവടി ചുണ്ടൻ വള്ളത്തിന്റെ ഓഹരി ഉടമയും തലവടി ചുണ്ടൻ ടൗൺ ബോട്ട് ക്ലബ്ബിന്റെ ഭരണ സമിതി അംഗവുമാണ്. തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ-TOFA യുടെ സ്ഥാപക സെക്രട്ടറിയും നിലവിലെ ജോയിന്റ് സെക്രട്ടറിയുമാണ് അദ്ദേഹം. തലവടി ചുണ്ടനെ കൂടാതെ, വെപ്പ് എ ഗ്രേഡ് വള്ളമായ നെപ്പോളിയൻ്റെ ഓഹരിയുടമ കൂടിയാണ് അദ്ദേഹം. ആലപ്പുഴ ജില്ലയിൽ തലവടി ചിറമേൽ കുടുബാംഗമായ നിജോ ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം നേടി ഇപ്പോൾ സിറ്റി ഓഫ് ബൾട്ടിമോർനിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശവും കരുത്തും പകരുന്ന യുവതലമുറയുടെ പ്രതിനിധിയായിട്ടാണ് നിജോ പുത്തൻപുരക്കൽ ഫൊക്കാനയിലേക്ക് വരുന്നത് . ഫൊക്കാനയുടെ ഒരു ഭാവി വാഗ്ദാനവും പ്രതീക്ഷയുമാണ് നിജോ എന്നും അദ്ദേഹത്തിന്റെ സംഘടനാമികവും, നേതൃപാടവവും ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല എന്ന് ഫൊക്കാന വൈസ് പ്രസിഡന്റ്‌ വിപിൻ രാജ് അഭിപ്രായപ്പെട്ടു.

കഴിവും പ്രാപ്തിയും പ്രവർത്തന സന്നദ്ധതയുമുള്ള പ്രവർത്തകരാണ് ഫൊക്കാനയെ വളർത്തുന്നത്, കൂടാതെ വാഷിങ്ങ്ടൺ ഡി .സി. റീജിയനിൽ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ നിജോ പുത്തൻപുരക്കലിനെ പിന്തുണക്കുന്നു. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനക്ക് ശക്തി പകരുമെന്ന് റീജിയണൽ വൈസ് പ്രസിഡന്റ്‌ ബെൻ പോൾ പറഞ്ഞു.

യുവതലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എപ്പോഴും മുൻപന്തിയിലാണ്. നിജോ പുത്തൻപുരയ്ക്കലിന്റെ സ്ഥാനാർത്ഥിത്വം യുവാക്കൾക്ക് ഒരു അംഗീകാരമാണ്. അദ്ദേഹത്തെപ്പോലെ പ്രവർത്തന പാരമ്പര്യമുള്ള പൊതുപ്രവർത്തകർ ഫൊക്കാനയുടെ നേതൃത്വനിരയിലേക്ക് കടന്നു വരുന്നത് സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണെന്ന് ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു, ഷിബു സാമുവൽ എന്നിവർ അഭിപ്രായപ്പെട്ടു.ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പിന്തുണയും സഹകരണവും നിജോ അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments